തല്ലുമാല,കങ്കുവ തുടങ്ങിയ സിനിമകളുടെ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഞെട്ടലിൽ മലയാള സിനിമ ലോകം 

മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 43 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ചങ്ങനാശേരി സ്വദേശിയാണ് നിഷാദ് യൂസഫ്. ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പം കൊച്ചിയിലെ പനമ്പിള്ളി നഗറിൽ താമസിച്ച് വരികയായിരുന്നു നിഷാദ്.

നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത േവർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. തൻറെ കരിയറിൻറെ ഏറ്റവും ശോഭനമായ ഉയരത്തിൽ നിൽക്കവെയാണ് ഫിലിം എഡിറ്റർ നിഷാദ് യൂസഫ് വിടവാങ്ങുന്നത്.

2022 ൽ ‘തല്ലുമാല’ എന്ന സിനിമയിലെ എഡിറ്റിം​ഗിന് മികച്ച എഡിറ്റർക്കുള്ള  സംസ്ഥാന അവാർഡ് നിഷാ​ദ് യൂസഫിന് ലഭിച്ചി‌ട്ടുണ്ട്. കേരളത്തിന് പുറത്തും ചർച്ച ചെയ്യപ്പെട്ട തല്ലുമാല നിഷാദിന് മലയാളത്തിന് പുറത്തും അവസരങ്ങൾ നേടിക്കൊടുത്തു. സൂര്യ നായകനായ ‘കങ്കുവ’യിലേക്ക് നിഷാദ് എത്തിപ്പെട്ടത് തല്ലുമാല കാരണമായിരുന്നു.

ആലപ്പുഴ ഹരിപ്പാട് സ്വ​ദേശിയാണ് നിഷാദ്. ‘സൗദി വെള്ളക്ക, വൂൾഫ്, ഓപ്പറേഷൻ ജാവ, ഉണ്ട, ഉടൽ,  അഡി​ഗോസ് അമി​ഗോ, ആയിരത്തൊന്ന് നുണകൾ, എക്സിറ്റ്, രാമചന്ദ്ര ബോസ് ആന്റ് കോ’ തുടങ്ങിയവയാണ് നിഷാദ് യൂസഫ് ചിത്രസംയോജനം ചെയ്ത പ്രധാന സിനിമകൾ. തമിഴിൽ സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവയും  എഡിറ്റ് ചെയ്തത് നിഷാദായിരുന്നു .നവംബർ 14-ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം.

കങ്കുവയ്ക്ക് പുറമെ സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 ലും നിഷാദിനെയായിരുന്നു എഡിറ്ററായി നിശ്ചയിച്ചിരുന്നത്.  ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും നിഷാദിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്ററായിരുന്ന നിഷാദ് പിന്നീട് സിനിമാ രം​ഗത്തേക്ക് കടക്കുകയായിരുന്നു. ആഷിഖ് അബുവിന്റെ ’22 ഫീമെയിൽ കോട്ടയം’ സിനിമയിൽ സ്പോട്ട് എഡിറ്ററായാണ് തുടക്കം. വിനയന്റെ ‘രഘുവിന്റെ സ്വന്തം റസിയ’യിലൂടെ സ്വതന്ത്ര എഡിറ്ററായി പ്രവർത്തിക്കാൻ തുടങ്ങി.

അടുത്തിടെ സൂര്യ നായകനായ ചിത്രത്തിൻറെ ചെന്നൈ ഓഡിയോ റിലീസിൽ സൂര്യയ്ക്കൊപ്പം  നിൽക്കുന്ന ചിത്രങ്ങൾ നിഷാദ് തന്നെ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. കൂടാതെ കം​ഗുവ സിനിമയുടെ പ്രൊമോഷന്റെയിടക്ക് സൂര്യക്കും ബോബി ഡിയോളിനും ഒപ്പമെടുത്ത ഫോട്ടോ കഴിഞ്ഞ ദിവസം നിഷാദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മരണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. “മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് സംഘടന വ്യക്തമാക്കി”. നിഷാദിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും സംഘടന അനുശോചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരാണ്  നിഷാദ് യൂസഫിൻറെ അകാല വിയോഗത്തിൽ അദരാഞ്ജലി അർപ്പിക്കുന്നത്. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.