
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും.
അമ്മയെ തിരിച്ചു കൊണ്ടുവരാൻ മുൻകൈയെടുത്ത് സുരേഷ് ഗോപി, മോഹൻലാലുമായി ചർച്ച നടത്തി . പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചതായി സുരേഷ് ഗോപി പറഞ്ഞു . എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ മുതിർന്ന നടന്മാർ അടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി നിരവധി നടിമാർ രംഗത്ത് വന്നിരുന്നു. ഇതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലായത് മലയാള സിനിമാ താരങ്ങളുടെ സംഘടനായ എഎംഎംഎ യാണ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖ് അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ലൈംഗീക ആരോപണം ഉയരുകയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു.

സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചെങ്കിലും സിനിമാ മേഖലയിലെയും എഎംഎംഎ യിലെയും പ്രതിസന്ധികള്‍ ഒഴിഞ്ഞില്ല. ഈ ഒരു മോശം സാഹചര്യത്തില്‍ സംഘടനയിലെ ഭാരവാഹികള്‍ ഒന്നാകെ രാജി വെക്കാന്‍ തീരുമാനമെടുക്കുകയും കമ്മിറ്റി പിരിച്ചു വിടുകയുമായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തന്നെ പുതിയ ഭാരവാഹികളെ തീരുമാനിക്കുമെന്നായിരുന്നു കമ്മിറ്റി പിരിച്ച് വിട്ടുകൊണ്ടുള്ള അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴും എ എം എം എ സംഘടന നേതൃത്വമില്ലാതെ തുടരുകയാണ്.
എന്നാല്‍ പക്ഷെ ഇപ്പോഴിതാ അമ്മ സംഘടനയുടെ പുതിയ ഭാരവാഹികള്‍ അധികം താമസിയാതെ തന്നെ ചുതലയേല്ക്കുമെന്നാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കുന്നത്. എ എം എം എ സംഘടനയുടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മോഹന്‍ലാലുമായി ചർച്ച നടത്തിയെന്നും എല്ലാവരേയും തിരിച്ച് കൊണ്ടു വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചർച്ചകള്‍ക്ക് ഇന്ന് ഒരു തുടക്കം കുറിച്ചിട്ടുണ്ട്. ഇനി അതിന്റെ ഉത്തരവാദപ്പെട്ടവർ ഇനി വരട്ടെ. അമ്മയുടെ തിരിച്ച് വരവ് എന്നുള്ളത് മലയാളികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോഹന്‍ലാല്‍ ആയിരിക്കുമോ അടുത്ത പ്രസിഡന്റ് എന്നത് അടക്കമുള്ള ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. എന്നാല്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ പരിപാടിയോടെ പഴയ രീതിയിലേക്ക് തന്നെ പ്രവർത്തനങ്ങളെ തിരികെ കൊണ്ടുവരികയാണ് അമ്മ. നിരവധി താരങ്ങളാണ് ഇന്ന് അമ്മയുടെ കൊച്ചി ഓഫീസിലേക്ക് എത്തിയത്. മുന്പത്തേത് പോലെ തന്നെ സംഘടന ഇപ്പോഴും സജീവമാണെന്ന് മറ്റ് താരങ്ങളും വ്യക്തമാക്കി.
പഴയ കമ്മിറ്റി തന്നെ തിരിച്ച് വരുന്നതാണ് നല്ലതെന്നായിരുന്നു ധർമ്മജന് ബോള്‍ഗാട്ടിയുടെ പ്രതികരണം. “തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മിറ്റിയാണ്. അതിനാല്‍ അവർ തന്നെ തിരിച്ച് വന്നാല്‍ മതി. വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തുക എന്ന് പറഞ്ഞാല്‍ അമ്മയെ സംബന്ധിച്ച് പൈസ ചിലവുള്ള കാര്യമാണ്. രാജിവെച്ച കമ്മിറ്റി എന്ന് പറയുന്നത് കഴിവുള്ള ആളുകള്‍ നിറഞ്ഞ കമ്മിറ്റിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിലർക്കെതിരെ ആരോപണം ഉയർന്നു. അവർ ആരോപണ വിധേയർ മാത്രമാണ്. കോടതിയാണ് വിധി കല്‍പ്പിക്കേണ്ടത്. കോടതി ശിക്ഷിച്ചിട്ടൊന്നും ഇല്ലാലോ?
രാജിവെച്ചവർക്ക് തിരിച്ച് വരാന്‍ കഴിയുമോയെന്ന കാര്യം അതിന്റെ നിയമസംവിധാനം അനുസരിച്ചായിരിക്കും. ചിലപ്പോള്‍ അതിന് വേണ്ടി പുതിയ ജനറല്‍ ബോഡി കൂടേണ്ടി വരും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വരണം. ഒരു പ്രശ്നം വന്നാല്‍ വിളിച്ചാല്‍ കിട്ടുന്ന ആളായിരിക്കണം. ഇടവേള ബാബു അങ്ങനെ ഒരാളായിരുന്നു. അത്തരത്തിലുള്ള ആളുകള്‍ കമ്മിറ്റിയിലേക്ക് വരണം. എന്റെ ആഗ്രഹം ഫുള്‍ കമ്മിറ്റി പഴയത് പോലെ തിരികെ ചുമതല ഏൽക്കണം എന്നാണെന്നും ധർമ്മജന് ബോള്‍ഗാട്ടി കൂട്ടിച്ചേർത്തു”.
മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് ആയ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജിവച്ചത്.











