പഴയ കമ്മിറ്റി തിരിച്ചു വരണം, സംഘടനയെ നയിക്കാൻ കഴിവുള്ളവർ അവരായിരുന്നു, ഇനി ഒരു തിരഞ്ഞെടുപ്പ് അമ്മയെ സംബന്ധിച്ച് ചിലവാണ് ; ധർമജൻ

കേരളപ്പിറവിയോട് അനുബന്ധിച്ച് ‘അമ്മ ജനറൽ മീറ്റിംഗ് ഇന്ന് നടന്നു . നിവിൻ പോളിയടക്കം പങ്കെടുത്ത മീറ്റിംഗിൽ വിശിഷ്ട അതിഥി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു . ചടങ്ങിൽ സംസാരിക്കവെ സുരേഷ് ഗോപി ‘അമ്മ യുടെ ശക്തമായ തിരിച്ചു വരവ് ഉണ്ടാവുമെന്നും അറിയിച്ചു . അമ്മയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു മീറ്റിങ് .

മോഹൻലാലുമായി അദ്ദേഹം ചർച്ച നടത്തിയെന്നും പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചതായി സുരേഷ് ഗോപി പറഞ്ഞു . എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം മോഹന്‍ലാല്‍ ആയിരിക്കുമോ അടുത്ത പ്രസിഡന്റ് എന്നത് അടക്കമുള്ള ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. എന്നാൽ തന്റെ നിലപാട് ധർമജൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു .

പഴയ കമ്മിറ്റി തന്നെ തിരിച്ച് വരുന്നതാണ് നല്ലതെന്നായിരുന്നു ധർമ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം. “തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മിറ്റിയാണ്. അതിനാല്‍ അവർ തന്നെ തിരിച്ച് വന്നാല്‍ മതി. വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തുക എന്ന് പറഞ്ഞാല്‍ അമ്മയെ സംബന്ധിച്ച് പൈസ ചിലവുള്ള കാര്യമാണ്. രാജിവെച്ച കമ്മിറ്റി എന്ന് പറയുന്നത് കഴിവുള്ള ആളുകള്‍ നിറഞ്ഞ കമ്മിറ്റിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിലർക്കെതിരെ ആരോപണം ഉയർന്നു. അവർ ആരോപണ വിധേയർ മാത്രമാണ്. കോടതിയാണ് വിധി കല്‍പ്പിക്കേണ്ടത്. കോടതി ശിക്ഷിച്ചിട്ടൊന്നും ഇല്ലാലോ?

രാജിവെച്ചവർക്ക് തിരിച്ച് വരാന്‍ കഴിയുമോയെന്ന കാര്യം അതിന്റെ നിയമസംവിധാനം അനുസരിച്ചായിരിക്കും. ചിലപ്പോള്‍ അതിന് വേണ്ടി പുതിയ ജനറല്‍ ബോഡി കൂടേണ്ടി വരും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വരണം. ഒരു പ്രശ്നം വന്നാല്‍ വിളിച്ചാല്‍ കിട്ടുന്ന ആളായിരിക്കണം. ഇടവേള ബാബു അങ്ങനെ ഒരാളായിരുന്നു. അത്തരത്തിലുള്ള ആളുകള്‍ കമ്മിറ്റിയിലേക്ക് വരണം. എന്റെ ആഗ്രഹം ഫുള്‍ കമ്മിറ്റി പഴയത് പോലെ തിരികെ ചുമതല ഏൽക്കണം  എന്നാണെന്നും ധർമ്മജന്‍ ബോള്‍ഗാട്ടി കൂട്ടിച്ചേർത്തു”.