ഭയമില്ല, ജോജുവിനോട് സഹതാപം മാത്രം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; യൂട്യൂബ് റിവ്യൂവർ

പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്നും  കുട്ടികൾ ഉൾപ്പെടെ കാണുന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താൻ റിവ്യൂ എഴുതിയതെന്നും  സിനിമ മോശം ആണെന്ന് എവിടെയും താൻ പറഞ്ഞിട്ടില്ലയെന്നും ആദർശ് പറയുന്നു.

ജോജു ജോർജിന്റെ പണി എന്ന സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയ ആദർശ് എന്ന യുവാവിനെ ഫോണിലൂടെ വിളിച്ച് ജോജു ഭീഷണിപ്പെടുത്തി എന്നുള്ള  വാർത്തകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതേക്കുറിച്ച് സംസാരിച്ചുകൊണ്ട് തന്റെ ഭാഗം വ്യ്കതമാക്കി ജോജു ജോര്ജും രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സംഭവത്തെക്കുറിച്ച്  മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയാണ് ആദർശ്. ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയുമെന്നും ചിത്രത്തിന്‍റെ ക്ലൈമാക്സൊക്കെ വളരെയധികം വയലന്‍സുള്ളതാണെന്നും ആദർശ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

എട്ടും പത്തും വയസുള്ള കുട്ടികള്‍ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ട് ഏതെങ്കിലും രീതിയില്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചാൽ ജോജു ജോര്‍ജോ അല്ലെങ്കില്‍ ഇവിടുത്തെ സെന്‍സര്‍ ബോർഡോ സമാധാനം പറയുമോ എന്നും അങ്ങനെയുള്ളവർക്ക് ഒരു ട്രിഗറിംഗ് ഉണ്ടാവരുതെന്നുള്ളത് മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ അത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്നും അല്ലാതെ ആ സിനിമയെ ഏതെങ്കിലും രീതിയില്‍ ഡീഗ്രേഡ് ചെയ്യണമെന്ന് കരുതിയിട്ടല്ലയെന്നും ആദർശ് പറയുന്നു.

വാട്ട്സാപ്പ് ഗ്രൂപ്പുകളിലൊന്നും പണിയെക്കുറിചുള്ള റിവ്യൂ പങ്കുവച്ചിട്ടില്ല. ആകെ നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രമാണ് താൻ ഷെയര്‍ ചെയ്തത്. റിവ്യൂ ബോംബിങ് എന്താണെന്ന് അറിയാത്തതിന്‍റെ പ്രശ്നമാണ് ഇതെന്നും റിവ്യൂ ബോബിങ് എന്നാല്‍ ഒരു സിനിമയെ തകര്‍ക്കാന്‍ ആ സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോ ആ ചിത്രം എന്താണെന്നതിനെ മറച്ചുവച്ചോ ഫേക്കായി ഒരു നെഗറ്റീവ് സൃഷ്ടിച്ചുകൊണ്ട് വളരെ മാസ്സായി ഒരു നീക്കം നടത്തുന്നതാണ്.

തന്‍റെ പോസ്റ്റിന് ആകെ കിട്ടിയത് 200 ലൈക്കാണ്. ആ 200 ലൈക്ക് വച്ചിട്ട് താനിവിടെ എന്ത് റിവ്യൂ ബോംബിങ് നടത്താനാണ് എന്നും ആദർശ് ചോദിക്കുന്നു. താന്‍ കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതാറുണ്ട്. ഒരു ഗവേഷക വിദ്യാര്‍ഥിയാണ് ഞാന്‍. അശ്വന്ത് കോക്കിനെപ്പോലെ ഫോളോവേഴ്സുള്ള ഒരു  ആളല്ലയെന്നും സിനിമ നല്ലതാണെന്ന ഒരു പെയ്ഡ് പ്രമോഷന്‍ ഉണ്ടാക്കിവച്ചിട്ട് തിയറ്ററില്‍ പോയി കാണുമ്പോള്‍ ട്രിഗറിംഗ് അനുഭവിക്കേണ്ടി വരുന്ന മനുഷ്യന് നാളെ ഉപഭോക്തൃ കോടതിയില്‍ പോയി പരാതി കൊടുക്കാന്‍ പറ്റുമോ?

സത്യം പറഞ്ഞാല്‍ ഒരു ബ്രാന്‍ഡിനെ ഒരു സിനിമയെ ഇല്ലാത്തതാണെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നത് അദ്ദേഹമാണ്. ഞാന്‍ എനിക്ക് തോന്നിയ കാര്യം വളരെ ചെറിയൊരു ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതിന് ഇത്ര പ്രകോപിതനാകണ്ട കാര്യമില്ലയെന്നും താന്‍ വസ്തുതകള്‍ മാത്രമാണ് ഷെയര്‍ ചെയ്തതെന്നും ആദര്‍ശ് പറയുന്നു.

ജോജു ജോര്‍ജിനെ അത്രക്ക് സപ്പോര്‍ട്ട് ചെയ്യുന്നവർ അവരുടെ കുട്ടികളെയും കൊണ്ടുവന്ന് സിനിമ കാണട്ടെ. കുട്ടികളുടെ കണ്ണ് പൊത്തിയിട്ടല്ലാതെ ആ സിനിമ കാണാൻ സാധിക്കില്ലയെന്നും ആ സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തതു തന്നെ ചര്‍ച്ച ചെയ്യപ്പെടണം. ജോജുവുമായി എനിക്ക് വ്യക്തിപരമായ ഒരു പ്രശ്നവുമില്ല. ആ സിനിമ കണ്ടു അഭിപ്രായം പറഞ്ഞു എന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ..

അതിനാണ് ജോജു ഇത്ര രോഷാകുലനായതെന്നും ബേസിക്കലി അദ്ദേഹത്തിന്‍റെ അസഹിഷ്ണുതയാണ്. രണ്ടാമത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും ആദർശ് വ്യക്യതമാക്കി. പിന്നെ മറ്റൊരു തരത്തിൽ ഇത് ഒരു ഒളിച്ചോട്ടമാണ്. ഒരു സിനിമ വേണ്ട വിധത്തില്‍ വര്‍ക്കൗട്ടായില്ലെങ്കില്‍ അതിനെതിരെ വിമർശനങ്ങൾ ആരെങ്കിലും കൃത്യമായി ഉന്നയിക്കുകയാണെങ്കില്‍ വിമര്‍ശിക്കുന്നയാളെ ടാര്‍ഗറ്റ് ചെയ്തുകഴിഞ്ഞാല്‍ വിമര്‍ശനം ഇല്ലാതാകും എന്നൊരു ധൈര്യത്തിലാണ് പറയുന്നത്.

എന്നാൽ ഒരാളല്ലെങ്കില്‍ മറ്റൊരാൾ ഇത് ഏത് കാലത്താണെങ്കിലും പറയുമെന്നും  നല്ല സിനിമകള്‍ മാത്രമേ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുകയുള്ളൂവെന്നും അത് നമ്മളും കാണുന്നതാണ്. പണവും അധികാരവും ഉപയോഗിച്ച് ജോജുവിന് ഇതു മറച്ചുവയ്ക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ എത്ര കാലമെന്നും ആദർശ് ചോദിച്ചു.

അതേസമയം നടന്‍ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്. ഒക്ടോബർ 24 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 14 കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്നും മാത്രം നേടിയതെന്നാണ് റിപ്പോർട്ട്. ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് നായകനും സംവിധായകനുമായ ജോജു ജോർജ് പുതിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. 20 കോടിയോളം രൂപ ചിലവിനാണ് ചിത്രം നിർമ്മിച്ചത്.