
അമ്പതിലേറെ വർഷമായി മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന കലാകാരി മോഹമല്ലിക എന്ന മല്ലിക സുകുമാരനോട് എന്നും ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്കുണ്ട്. നടൻ സുകുമാരന്റെ ഭാര്യയും നടന്മാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയുമൊക്കെയാണെങ്കിലും മല്ലിക സുകുമാരൻ തന്റേതായൊരു ഇടം സ്വപ്രയത്നത്തിലൂടെ മലയാളികൾക്കിടയിൽ കണ്ടെത്തിയിട്ടുണ്ട്.
സപ്തതി നിറവിൽ നിൽക്കുമ്പോഴും പതിവിലും ഊർജസ്വലയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ഗംഭീരമാക്കി. എവിടേയും പോകരുത് പിറന്നാൾ കെങ്കേമമാക്കണമെന്ന് നേരത്തെ തന്നെ മക്കൾ മല്ലികയോട് പറഞ്ഞിരുന്നു. ദുബായ് ട്രിപ്പ് വരെ കാൻസൽ ചെയ്ത് ഇളയ മകൻ പൃഥ്വിരാജ് വരെ കൊച്ചിയിൽ എത്തി.
അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജ് വഴി പങ്കിട്ടു. പതിവ് പോലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷമായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം.
പിറന്നാൾ ദിവസം മല്ലിക തുടങ്ങിയത് ക്ഷേത്ര ദർശനത്തിലൂടെയാണ്. ശേഷമാണ് മക്കൾക്കും അവരുടെ കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിച്ചത്. രണ്ട് മരുമക്കളേയും ഇടത്തും വലത്തും ഇരുത്തി നിറചിരിയുമായി ഇരിക്കുന്ന മല്ലിക സുകുമാരനാണ് പൃഥ്വിരാജ് പങ്കിട്ട ആദ്യത്തെ ചിത്രത്തിലുള്ളത്. മറ്റൊന്നിൽ കൊച്ചുമക്കളിൽ ഏറ്റവും ഇളയവളായ ആലിയെന്ന് വിളിക്കുന്ന അലംകൃതയെ മടിയിലിരുത്തിയുള്ള മല്ലികയാണുള്ളത്.

‘കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ… എന്നേക്കും 16 വയസുകാരിയായി ഇരിക്കട്ടെ അമ്മ’ എന്നാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ് കുറിച്ചത്. നടന്റെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുടെ ഒഴുക്കാണ്.
കാണാൻ കൊതിച്ച കുടുംബ ചിത്രം, നൈസ് ഫാമിലി, ഏറ്റവും ഇഷ്ടമുള്ള കുടുംബം എന്നിങ്ങനെയും കമന്റുകളുണ്ട്. അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്ന് വിശേഷണത്തിന് അർഹതയുള്ള അമ്മമാരിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാളാണ് മല്ലിക എന്നിങ്ങനെയും കമന്റുകളുണ്ട്. കാരണം സുകുമാരൻ മരിക്കുമ്പോൾ നാൽപ്പത് വയസ് മാത്രമായിരുന്നു മല്ലികയുടെ പ്രായം. തളർന്നുപോകുമായിരുന്ന ഇടത്ത് നിന്ന് മനകരുത്തും അർപ്പണ ബോധവുമാണ് മല്ലികയെ ഇങ്ങനൊരു മനോഹര കുടുംബം കെട്ടിപടുക്കാൻ സഹായിച്ചത്.
ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും എല്ലാ ഉയർച്ചയ്ക്ക് പിന്നിലും അമ്മയായ മല്ലികയുടെ വലിയൊരു അധ്വാനമുണ്ട്. കുടുംബചിത്രം പുറത്ത് വന്നപ്പോൾ പിറന്നാളുകാരിയെ കൂടാതെ ജനശ്രദ്ധ ആകർഷിച്ച രണ്ടുപേർ പൃഥ്വിയുടെ മകൾ അലംകൃതയും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമയുമാണ്. വളരെ വിരളമായി മാത്രമാണ് മകളെ കൂടി ഉൾപ്പെടുത്തിയുള്ള ചിത്രങ്ങൾ പൃഥ്വിരാജ് പങ്കിടുന്നത്.
പുതിയ ഫോട്ടോയിലെ ആലിയെ കണ്ടാൽ പൃഥ്വിരാജിന്റെ കാർബൺ കോപ്പിയായി തോന്നുവെന്നാണ് ഏറെയും കമന്റുകൾ. അലംകൃതയുടെ ചിരിക്ക് നടി സംവൃത സുനിലിന്റെ ചിരിയുമായി സാമ്യമുണ്ടെന്നും കമന്റുകളുണ്ട്.
നടിയായ പൂർണ്ണിമയ്ക്ക് പ്രായം നാൽപ്പത്തിയഞ്ചിൽ എത്തിയെങ്കിലും സൗന്ദര്യം കൊണ്ട് ഇരുപതുകളിലാണ് താരപത്നിയെന്നും ആ ചിരിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നുമാണ് കമന്റുകൾ.
അതേസമയം മല്ലിക സുകുമാരൻ എന്ന് അറിയപ്പെടുന്ന മല്ലികയുടെ യഥാർത്ഥ പേര് മോഹമല്ലിക എന്നാണ് . 1974ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം. സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും താരം നേടിയിട്ടുണ്ട്. ഉത്തരായനം’, ‘സ്വപ്നാടനം’ എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച 2 സിനിമകളിലെ വ്യക്തിത്വമുള്ളകഥാപാത്രങ്ങളെ മനോഹരമായി തന്നെയാണ് മല്ലിക സുകുമാരൻ അവതരിപ്പിച്ചത്.
അതിനുശേഷം നിരവധി ചിത്രങ്ങളിൽ മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെട്ടു. കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങി തൊണ്ണൂറോളം സിനിമകളില്‍ മല്ലിക വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഈയടുത്താണ് മല്ലിക സിനിമയിൽ 50 വർഷം പൂർത്തിയാക്കിയത് ആഘോഷപൂർവം കൊണ്ടാടിയത്. മല്ലികയുടെ ആദ്യ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. നടൻ ജഗതി ശ്രീകുമാറിനെയായിരുന്നു മല്ലിക ആദ്യം വിവാഹം കഴിച്ചത്.”യൂത്ത് ഫെസ്റ്റിവലിനും കോളേജ് പരിപാടികളിലും സ്ഥിരമായി കണ്ടുമുട്ടുന്ന ഒരു കലാകാരനോട് തോന്നിയ സൗഹൃദം പിന്നീട് പ്രണയം ആയി മാറുന്നു.
എല്ലാവരുടെയും പ്രണയം വിജയിക്കുന്നത് പോലെ തന്റെ പ്രണയം വിജയിച്ചില്ല. തന്റെ ജാതകദോഷം ആയിരിക്കും ചിലപ്പോൾ എന്നാണ് ആദ്യ വിവാഹ ബന്ധം തകർന്നതിനെപ്പറ്റി മല്ലിക സുകുമാരൻ മുൻപൊരിക്കൽ പറഞ്ഞിരുന്നത്. താൻ ഉദ്ദേശിച്ച പോലെ ഒരു കുടുംബ ജീവിതം തനിക്ക് ഉണ്ടാക്കാൻ സാധിച്ചില്ല. തങ്ങൾക്ക് വരുമാനം ഒന്നും ഇല്ലാതെ നല്ല സാമ്പത്തിക പ്രശ്നങ്ങളിൽ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയൊപ്പം നില്ക്കാൻ പറ്റാതെയായി.
കുറെ ആളുകൾ സഹായിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. സാമ്പത്തിക പരാദീനതകൾ കൊണ്ട് ഉണ്ടായ മാനസിക പ്രശ്‍നം ആയിരിക്കാം ചിലപ്പോൾ പോകെപ്പോകെ അദ്ദേഹത്തിന് കുടുംബം നോക്കാൻ ഒരു ഇഷ്ടക്കുറവ് ഒക്കെ ഉണ്ടായിത്തുടങ്ങി. തൊഴിൽ നന്നാക്കിയെടുക്കാനുള്ള ഉത്സാഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് പിന്നീട് ഒരുപാട് പ്രശ്നങ്ങളിലേക്ക് പോകുകയും വിവാഹ മോചനം നേടുകയും ആയിരുന്നു” എന്നാണ് ജഗതി ശ്രീകുമാറുമായുള്ള ബന്ധത്തെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞിട്ടുള്ളത്.
ജഗതി ശ്രീകുമാറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം നടൻ സുകുമാരൻ ആണ് മല്ലികയുടെ ജീവിതത്തിലേക്ക് വരുന്നത് . ആരെയും കൂസാത്ത, ഒരു സമ്പ്രദായങ്ങള്‍ക്കും, കെട്ടുപാടുകള്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയാത്ത ചിന്താഗതിയായിരുന്നു സുകുമാരന്റേത് എന്ന് നേരത്തെ പല അഭിമുഖങ്ങളിലും മല്ലിക പറഞ്ഞിട്ടുണ്ട്. ഇവരുടെ വിവാഹവും അങ്ങനെ തന്നെയായിരുന്നു. ഇന്റസ്ട്രിയില്‍ അന്ന് തിളങ്ങി നില്‍ക്കുന്ന നടിയുടെയും നടന്റെയും വിവാഹം ആരും അറിയാതെ നടന്ന ഒരു ചെറിയ ചടങ്ങായിരുന്നു. എന്നാൽ അപ്പോഴും വിധി മല്ലികയെ വീണ്ടും തനിച്ചാക്കി . വളരെ അപ്രതീക്ഷിതമായാണ് സുകുമാരന്റെ മരണം . ഏകദേശം 19 വര്ഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത് .











