ആ നാല് പേർക്കെതിരെയാണ് കേസ് കൊടുത്തത്, ലിസ്റ്റിനോടും അരുൺ തോമസും ചെയ്തത് ശരിയായില്ലെന്ന് പര്നഞ്ഞിരുന്നു; സാന്ദ്ര

നിർമാതാവ് സാന്ദ്ര തോമസിനെ മലയാള സിനിമയിലെ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. നേരത്തെ സംഘടനയുടെ നേതൃത്വത്തിലുള്ള ചിലർക്കെതിരെ സാന്ദ്ര തോമസ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു.

ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു പരാതി. തനിക്കെതിരെ നടന്ന ഈ നടപടിയോട് പ്രതികരിക്കുകയാണ് സാന്ദ്ര.

സംഘടനയിലെ ചിലരു‌‌ടെ ​ഗൂഢലോചനയുടെ ഭാ​ഗമായാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് ആരോപിക്കുന്നു. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവര്‍ പൊസിഷനിലിരിക്കുന്ന, എംപ്ലോയര്‍ ആയ തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു.

തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് ഇത് ഇല്ലാതാക്കാനാണ് താൻ ശ്രമിച്ചതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താൻ നൽകിയ കേസിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നേതൃത്വത്തിൽ നിന്നും പെരുമാറ്റം ഉണ്ടായിട്ടുണ്ട്.

സംഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ് എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൊടുത്തത്. ഈ നാല് പേരിൽ നിന്നുമാണ് മോശം അനുഭവമുണ്ടായത്. അത് എനിക്ക് ഇങ്ങനെ ഒരു പബ്ലിക് മീഡിയയിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് പറയാത്തത്.  കേസ് എസ്ഐടിയിൽ  ഇരിക്കുന്നതുകൊണ്ട് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയില്ല. എനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ അനുഭവമായിരുന്നു നിർമാതാക്കളുടെ അസോസിയേഷനിൽ നിന്നും ഉണ്ടായത് .

ആ കൂട്ടത്തിൽ നിന്ന് ഒരാൾ തന്നെ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് ഞാൻ അറിഞ്ഞു കഴിഞ്ഞിട്ട് എങ്ങനെയാണ് ഇങ്ങനെ ഒരു അസോസിയേഷന്റെ ഭാഗമായിട്ട് നിൽക്കുക. പരസ്യമായി അതേക്കുറിച്ച് പറയുന്നില്ലയെന്നും പക്ഷെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ അനുഭവമായിരുന്നുവെന്നും ആ കൂട്ടത്തിൽ നിന്നുള്ളയാൾ തന്നെയാണ് എനിക്ക് മെസേജ് അയക്കുന്നതും ഇത് അറിയുന്നതും. പിറ്റേ ദിവസം തന്നെ ഇവരെ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു.

ലിസ്റ്റിനോടും അരുൺ തോമസിനോടും നിങ്ങൾ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞുവെന്നും അരുൺ തോമസും ലിസ്റ്റിനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ ഭാ​ഗത്ത് നിന്നും ഇങ്ങനെയാെരു അനുഭവം ഉണ്ടായത് തന്നെ മാനസികമായി തകർത്തെന്നും സാന്ദ്ര പറയുന്നു. പാനിക്ക് അറ്റാക്കിലേക്ക് വരെ പോയി.

അതിൽ നിന്ന് റിക്കവർ ചെയ്ത് വരാൻ ഇത്ര സമയമെടുത്തുവെന്നും ഇപ്പോഴും അതാലോചിക്കുമ്പോൾ വിഷമമാണെന്നും സാന്ദ്ര പറയുന്നു. തന്നെ പോലെ നിർമാതാക്കളായ മറ്റ് സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

കേസുമായി മുന്നോട്ട് പോകാൻ ഭയമുള്ളത് കൊണ്ടാണ് അവർ മുന്നോട്ട് വരാത്തത്. ഞങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെ സംഭവിച്ചെങ്കിൽ സാധാണ ആർട്ടിസ്റ്റിനും ടെക്നീഷ്യൻസിനും നേരിടേണ്ട‌ അവസ്ഥ എന്തായിരിക്കുമെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നു. കേസിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് സിനിമാ രം​ഗത്ത് നിന്നും പലരും വിളിച്ചിരുന്നു.

ഇനിയൊരിക്കലും സിനിമ ചെയ്യാൻ പറ്റില്ലെന്ന് ഭീഷണി വന്നു. എന്നാൽ താൻ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. മാത്രമല്ല നിർമ്മാതാക്കൾക്കെതിരെ പരാതി പറയാൻ താരങ്ങൾ ഉൾപ്പടെ എല്ലാവർക്കും ഭയമാണന്നും സ്വേഛാധിപത്യ തീരുമാനമാണ് നിർമ്മാതാക്കളുടെ സംഘടനയിൽ നടപ്പിലാക്കുന്നതെന്നും സാന്ദ്ര തോമസ് ആരോപിച്ചിരുന്നു.

താര സംഘടനയായ അമ്മയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നിർമ്മാതാക്കളുടെ സംഘടന പ്രവർത്തിക്കുന്നത്. താര സംഘടനയിൽ മാത്രല്ല നിർമ്മാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും സാന്ദ്ര തോമസ് വ്യക്‌തമാക്കിയിരുന്നു.  അതേസമയം സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് അച്ചടക്ക ലംഘനം ആരോപിച്ച് സാന്ദ്ര തോമസിനെ പുറത്താക്കുകയായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. സിനിമ വിതരരണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനായി വിളിച്ച യോഗത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എസ്‌ഐടിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള നടപടി.

നിയമ പരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറില്‍ വിഷയം ഉന്നയികുന്നത് ആലോചിക്കുമെന്നും താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഇത് എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിര്‍മാതകളുടെ സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

സംഘടനയുടെ ഭാരവാഹികളും താൻ പരാതി നൽകിയവരും പിന്നിലുണ്ട്. പവർ ​ഗ്രൂപ്പ് സിനിമാ രം​ഗത്തുണ്ട്. എത്ര മൂടി വെച്ചാലും അത് പുറത്ത് വരുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. അതിജീവിതകൾക്കൊപ്പം നിന്നതിനാലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടി എടുത്തത്. ജോലി ചെയ്യുന്നവർക്ക് ലൈം​ഗിക അതിക്രമത്തിന് പരാതി നൽകാം. എന്നാൽ ഞാൻ ഒരു എംപ്ലോയർ ആണ്. തനിക്ക് ഇത്തരം പരാതി നൽകാൻ സ്പേസില്ല.