
ൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ചതിൻറെ അടിസ്ഥാനത്തിലാണ് താൻ പരാതി നൽകിയത്. പരാതി വ്യാജമെന്ന് സംഘടന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം പൊലീസ് കേസുമെടുത്തു.
ഇപ്പോൾ സാന്ദ്രയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ സാന്ദ്രയ്ക്ക് കത്തും നല്‍കി. ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു.

സാന്ദ്ര സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.
എന്നാൽ നടപടി അപ്രതീക്ഷിതമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. ലൈംഗിക ചുവയോടെ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ പരാതി നല്‍കിയത്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
അപമാനിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് സാന്ദ്ര പരാതി നൽകിയെങ്കിലും അതിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സംഘടനയെ വിമർശിച്ച് സാന്ദ്ര കത്തയയ്ക്കുകയും ചെയ്തു. ഈ കത്ത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തായി.











