മഞ്ജുവിന്റെ മൗനം, കേസ് റദ്ധാക്കി; ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് ആശ്വാസം

ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോട‌തി റദ്ദാക്കിയിരിക്കുകയാണ്. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്.

കേസിൽ നാലു വർഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നൽകിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജു വാര്യർ പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ ഉന്നയിച്ചത്.

തനിക്ക് ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും മഞ്ജു ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

ഇതേത്തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു സംവിധായകനെതിരെ കേസെടുത്തിരുന്നത്. 2019 ൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഈ കേസിൽ മഞ്ജു വാര്യർ ഒരു മറുപടിയും ഹൈക്കോടതിയിൽ നൽകിയിട്ടില്ല.

എഫ്ഐആറിൽ പറയുന്ന കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം നില നിൽക്കില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്.

എന്നാൽ ഈ പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഈ കേസ് റദ്ദാക്കിയത്. ഈ കേസിൽ പിന്നീട് മഞ്ജു വാര്യരോട് നിലപാട് തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നത് ശ്രീകുമാർ മേനോന്റെ ഒരു പരസ്യത്തിലാണ്. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ തിരിച്ചു വരവ് നടത്തിയത് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെയായിരുന്നു. ഇതിന് അവസരമൊരുക്കിയത് സംവിധായകൻ ശ്രീകുമാര്‍ മേനോനായിരുന്നു.

ഒടിയൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയിരുന്നു ശ്രീകുമാർ മേനോൻ. ഈ പരസ്യത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലും മഞ്ജുവെത്തിയിരുന്നു. ഒടിയൻ സിനിമയുടെ റിലീസിന് ശേഷമാണ് മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിൽ അസ്വാരസ്യമുണ്ടാകുന്നത്.

ഈ സിനിമയ്ക്ക് ശേഷമാണ് സൈബർ ആക്രമണം ഉണ്ടായെന്ന് മഞ്ജു പരാതിപ്പെട്ടത്. മഞ്ജു വാര്യർ പരാതി നൽകിയതിന് പിന്നാലെ നടിക്കെതിരെ സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു.

‘മഞ്ജുവിന് പ്രതിസന്ധി കാലത്ത് താനേ ഒപ്പമുണ്ടായിരുന്നുള്ളൂ എന്നും നടിക്ക് വേണ്ടി പലരെയും താൻ പിണക്കിയെന്നും ശ്രീകുമാർ മേനോൻ അന്ന് പറഞ്ഞു. സ്നേഹപൂർവവും നിർബന്ധ പൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചു കൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ. താൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. തന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്,’ അന്ന് ശ്രീകുമാർ മേനോൻ ചോദിച്ചതിങ്ങനെ.

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന മഞ്ജുവിന്റെ കെെയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാറെന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് പോലും മഞ്ജു മറന്നെന്ന് അന്ന് സംവിധായകൻ ആരോപിച്ചു. എന്നാൽ ആരോപണത്തിന് മറുപടി പറയാൻ മഞ്ജു വാര്യർ തയ്യാറായില്ല.

എന്നാൽ നടിയെ പിന്തുണച്ച് കൊണ്ട് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി അന്ന് രം​ഗത്ത് വന്നിരുന്നു. മഞ്ജു വാര്യരുടെ പ്രശസ്തി പരസ്യത്തിലൂടെ മുതലെടുക്കുകയാണ് ശ്രീകുമാർ മേനോൻ ചെയ്തതെന്ന് ഭാ​ഗ്യലക്ഷ്മി  പറഞ്ഞു.

അതേസമയം ഇന്ന് മഞ്ജു വാരിയർ കരിയറിലെ ഏറ്റവും മികച്ച അവസരങ്ങളിലൂടെയാണ് കണ്ടാന്നുപോകുന്നത് . ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി കാണുന്നതും മഞ്ജുവിനെയാണ് . തമിഴിൽ രജിനികാന്തിനൊപ്പം നായികാ വേഷത്തിലെത്തിയ വേട്ടയ്യനാണ് മഞ്ജുവിന്റെ അവസാന സിനിമ . ഇനി വരാനിരിക്കുന്നത് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഈമ്പുരാൻ ആണ് .