ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ 38 ആം വയസ്സിൽ പ്രസവം; പ്രസവിച്ച് 28 ആം ദിവസം ചന്ദ്ര ലൊക്കേഷനിലേക്ക്

2021ലാണ് സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. സ്വന്തം സുജാത’ എന്ന പരമ്പരയിൽ താരത്തിന്റെ നായകനായിരുന്നു ടോഷ് ക്രിസ്റ്റി. ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

രണ്ട് വയസുകാരൻ അയാന്റെ അമ്മയാണിപ്പോൾ ചന്ദ്ര. ‘കയൽ’ എന്ന തമിഴ് സീരിയലിലാണ് നടി ഇപ്പോൾ‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞ് പിറന്നശേഷം മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ചന്ദ്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മുപ്പത്തിയെട്ടാം വയസിൽ ​ഗർഭിണിയായപ്പോഴുള്ള അനുഭവങ്ങൾ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര. പ്രായം മുപ്പത്തിയെട്ടാണെന്നുള്ള തോന്നലോ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ​ഗർഭകാലം വളരെ മനോഹരമായി താൻ ആസ്വദിച്ചുവെന്നും ചന്ദ്ര പുതിയ അഭിമുഖത്തിൽ പറയുന്നു.

ഗർഭകാലം വളരെ സുഖകരമായിരുന്നു. നല്ല ജോളിയായിരുന്നു. എനിക്ക് ഒരു തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഇരുപത് വയസിൽ‌ ​ഗർഭിണിയായതുപോലെയാണ് എനിക്ക് തോന്നിയത്. വളരെ ഈസി പ്രഗ്നൻസിയായിരുന്നുവെന്നും പൂർണ്ണ വളർച്ച എത്തിയശേഷമാണ് ഞാൻ കുഞ്ഞിനെ പ്രസവിച്ചത്. അതുകൊണ്ടാണ് സിസേറിയൻ വേണ്ടി വന്നതെന്നും നടി പറയുന്നു.

പ്രഷറും ഷു​ഗറുമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല ഡെലിവറിക്കുശേഷം എനിക്ക് ശരീരഭാരം വർധിച്ചതുമില്ല. എന്റെ കുഞ്ഞാണ് എന്റെ ഹീലർ എന്ന് വേണമെങ്കിൽ പറയാം. ​ഗർഭിണിയായിരുന്നപ്പോഴും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് മണിവരെ ഷൂട്ടിങിന് നിന്നിട്ടുണ്ട്. നിറവയറും വെച്ച് പാതിരാത്രിയിലും അഭിനയിച്ചിരുന്നു. അതുപോലെ തന്നെ ഒരു പെൺകുഞ്ഞിനെയായിരുന്നു താൻ ആ​ഗ്രഹിച്ചിരുന്നതെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

നല്ല ഉടുപ്പുകൾ ഇടീപ്പിച്ച് ഒരുക്കി നടത്തണം എന്നൊക്കെ ആ​ഗ്രഹമുണ്ടായിരുന്നു. ​ഗർഭിണിയായിരുന്ന സമയത്ത് ക്ഷീണം തോന്നുമ്പോൾ ഞാൻ കുഞ്ഞിനോട് സംസാരിക്കുമായിരുന്നു. അങ്ങനെ സംസാരിച്ച് കഴിയുമ്പോൾ ഒരു ബൂസ്റ്റപ്പ് വരും. മകനെ ​ഗർഭിണിയായിരുന്നപ്പോൾ എന്റെ മുഖത്ത് വന്ന ​ഗ്ലോ കണ്ട് എനിക്ക് പെൺകു‍ഞ്ഞായിരിക്കുമെന്ന് പലരും പ്രവചിച്ചിരുന്നുവെന്നും ചന്ദ്ര പറഞ്ഞു.

കുഞ്ഞ് പിറന്നശേഷം അഭിനയവും പാരന്റ്ഹുഡ്ഡും എങ്ങനെ ഒരുമിച്ച് കൊണ്ടുപോയിയെന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. സ്വന്തം സുജാതയ്ക്കുശേഷം തനിക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഒന്നും തെരഞ്ഞെടുത്തില്ലയെന്നും പിന്നീടാണ് തെലുങ്കിൽ അവസരം വന്നത്. അവിടെ ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസത്തെ ഷൂട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു. അത് വലിയൊരു റിലീഫ് ആയിരുന്നുവെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു. എന്റെ ജോലിയെ കുറിച്ചൊക്കെ മകൻ മനസിലാക്കി തുടങ്ങി. അവൻ എല്ലാത്തിനോടും അഡ്ജസ്റ്റായി തുടങ്ങിയെന്നും ചന്ദ്ര കൂട്ടിച്ചേർത്തു.

നടൻ വിജയ് സേതുപതിയുമായുള്ള സൗഹൃദത്തെ കുറിച്ചും നടി സംസാരിച്ചു. എന്റെ ഫേവറേറ്റ് ഹീറോയാണ് വിജയ് സേതുപതി എന്നാണ് ചന്ദ്ര പറയുന്നത്.  വിവാഹം കഴിഞ്ഞുവെന്ന് ഞാൻ മെസേജ് ചെയ്തപ്പോൾ അദ്ദേഹം വീഡിയോ കോൾ ചെയ്തു. ഞങ്ങളെ രണ്ടുപേരെയും വിഷ് ചെയ്തു. അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല. പക്ഷെ ഒരു മൂവി സെറ്റിൽ വെച്ചാണ് കണ്ട് പരിചയപ്പെട്ടത്. അന്ന് അദ്ദേഹത്തോടൊപ്പമായിരുന്നു ലഞ്ച്. പരിചയപ്പെട്ടശേഷം അദ്ദേഹത്തോടുള്ള ബഹുമാനം കൂടി. മെസേജ് അയച്ചാൽ ഉടനടി മറുപടി വരും. ‘മഹാരാജ’യുടെ പ്രമോഷന് വന്നപ്പോൾ എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ‌ പോയി കണ്ടു. അന്ന് അദ്ദേഹം കുഞ്ഞിനെ അനു​ഗ്രഹിച്ചുവെന്നും ചന്ദ്ര പറയുന്നുണ്ട്.

മാത്രമല്ല ബി​ഗ് ബോസിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്നും പക്ഷെ പോകാൻ താൽപര്യമില്ലായിരുന്നുവെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി. അതേസമയം സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയത്. ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.

നാൽപ്പത്തിയൊന്നുകാരിയാണ് താരം. ഭർത്താവും നടനുമായ ടോഷും ചന്ദ്രയും സുഹൃത്തുക്കളാകുന്നതും പ്രണത്തിലാകുന്നതും എന്ന് സ്വന്തം സുജാത എന്ന പരമ്പരയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു.  ഗര്‍ഭിണി ആയ ശേഷവും എന്ന് സ്വന്തം സുജാതയില്‍ ചന്ദ്ര അഭിനയിച്ചിരുന്നു. നിറ വയറില്‍ ഒമ്പതര മാസം വരെ ആണ് പരമ്പരയില്‍ ചന്ദ്ര ലക്ഷ്മണ്‍ അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ചന്ദ്രയ്ക്ക് ബേബി ഷവര്‍ നടത്തുകയും ചെയ്തു.

കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം തന്നെ ചന്ദ്ര ലൊക്കേഷനിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. പ്രസവശേഷം 28-ാം ദിവസമാണ് ചന്ദ്ര ലൊക്കേഷനിലേക്ക് തിരികെ എത്തുന്നത്. കുഞ്ഞിനേയും കൊണ്ടാണ് താരം അഭിനയിക്കാന്‍ വന്നത്. നേരത്തെ പ്രസവ സമയത്തേക്കായി പരമ്പരയിലെ തന്റെ രംഗങ്ങള്‍ മുന്‍കൂട്ടി തീര്‍ക്കുകയും ചെയ്തിരുന്നു ചന്ദ്ര.

2021 നവംബര്‍ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതം അറിയിച്ചു. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷമാണ് താര ദമ്പതികള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ചാനലിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ചന്ദ്രയും ടോഷും.