വിവാദങ്ങൾ കുടുംബത്തെ ബാധിച്ചു; എന്റെ ഇൻസ്റ്റാഗ്രാമും ഡിലീറ്റ് ആക്കി; ഒരു വയ്യാവേലിക്കും ഇനിയില്ല; കോൺഗ്രസ്സ് വിരുദ്ധനല്ല

അടുത്തിടെയാണ് നടൻ ജോർജ് ജോർജ് സംവിധാനം ചെയ്‌ത പണി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഭേദപ്പെട്ട അഭിപ്രായവുമായി ചിത്രം പ്രദർശനം തുടരവേ അപ്രതീക്ഷിതമായാണ് റിവ്യൂ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

സിനിമയെ വിമർശിച്ച ആദർശ് എന്ന വിദ്യാർത്ഥിയെ ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജോജു ജോർജ്.

പണി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ എല്ലാം തന്നെ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ജോജു പറയുന്നത്. ഈ വിവാദത്തിന്റെയും ഫോൺ കോളിന്റെയും പേരിൽ താൻ ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ജോജു പറയുന്നു. മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് ജോജു മനസ് തുറന്നത്.

‘തീർച്ചയായും പണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കേണ്ട കാര്യം തന്നെയായിരുന്നു. എന്റെ ജീവിതത്തിൽ വേണ്ടാത്തൊരു കാര്യമായിരുന്നു അത്. പക്ഷേ അത് വ്യാഖ്യാനിക്കപ്പെട്ടത് റിവ്യൂ പറഞ്ഞയാളെ ഭീഷണിപ്പെടുത്തി എന്ന നിലയിലായിരുന്നു. എനിക്ക് മുൻപരിചയം പോലുമില്ലാതെ ഒരാളെ ഭീഷണിപ്പെടുത്തി എന്ന നിലയിലാണ് അത് വന്നത്.

ഞാനതിൽ അസഭ്യമായി സംസാരിക്കുകയോ തെറി പറയുകയോ ഒന്നും ചെയ്‌തിട്ടില്ല എന്നാണ് ജോജു പറയുന്നത്. ‘എന്നെ ഭയങ്കരമായിട്ട് അത് ബാധിച്ചു. എന്റെ ഫാമിലിയെ ഒക്കെ ബാധിച്ചുവെന്നും അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്‌തുവെന്ന പേരിലാണ് എന്നെ ക്രൂശിക്കുന്നത്. എന്നാൽ ഒരിക്കലും അങ്ങനെയായിരുന്നില്ല. ഞാൻ ഉദ്ദേശിക്കാത്ത കാര്യം അവർ ചർച്ച ചെയ്‌തിട്ട് തന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ജോജു പറയുന്നത്.

പണി സിനിമയ്ക്ക് എതിരെ മോശം ഡീഗ്രേഡിംഗ് ഉണ്ടായിരുന്നു. അതിന്റെ പ്രഷറിലായിരുന്നു ഞാൻ, വളരെ ആഗ്രഹത്തോടെ ചെയ്‌ത സിനിമയായിരുന്നു പണിയെന്നും താരം പറഞ്ഞു. ഞാൻ ഒരിക്കലും അഭിപ്രായം പറഞ്ഞ ആളുടെയല്ല മെക്കട്ട് കേറിയത്. ഒരാൾ കൃത്യമായ ഉദ്ദേശത്തോടെ മോശം കമന്റുകൾ നിരന്തരം പലയിടത്തും പോസ്‌റ്റ് ചെയ്യുകയും അതിന് വേണ്ടി മാത്രം സമയം ചിലവഴിക്കുകയും ചെയ്‌തപ്പോൾ അത് എന്താണെന്ന് അറിയാൻ വേണ്ടിയാണ് വിളിച്ചത്. പക്ഷേ അത് ഞാൻ ചെയ്യേണ്ടതല്ലായിരുന്നുവെന്നും എന്റെ ടീച്ചർമാർ വരെ, അമ്മമാരെ പോലെ കാണുന്നവർ എന്നെ വിളിച്ചു വഴക്ക് പറഞ്ഞുവെന്നും ജോജു ജോർജ് വ്യക്തമാക്കി.

ഭയങ്കരമായ മോശം വാക്കുകളാണ് എനിക്കെതിരെ ഉപയോഗിച്ചത്, ഞാൻ ചുരുളിയിൽ പച്ചത്തെറി പറഞ്ഞുകൊണ്ട് അഭിനയിച്ച ആളാണ്, എന്നാലും പറയാം. സിനിമ മാത്രമാണ് എനിക്ക് വിഷയം. മറ്റൊരു അജണ്ടയും എനിക്കില്ല. എനിക്ക് കോൺഗ്രസിനോട് ഒരു വിരോധവുമില്ലയെന്നും ജോജു ജോർജ് വിമർശനങ്ങളോട് പ്രതികരിച്ചു.

സംവിധായകനും ഛായാഗ്രാഹകനുമായ വേണുവുമായി ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും താൻ സംവിധായകനാവാൻ കാരണം അദ്ദേഹമാണെന്നും ജോജു വ്യക്തമാക്കി. അവിടെയും വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു. റിലീസിന് മുൻപ് പോലും അദ്ദേഹവുമായി സംസാരിച്ചുവെന്ന് പറഞ്ഞ ജോജു അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി. മാത്രമല്ല സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വേണ്ടി നടത്തിയ ഓഫ്‌റോഡ് റൈഡ് വിവാദമായതോടെ താൻ ഇപ്പോൾ ഉദ്‌ഘാടനങ്ങൾക്ക് പോവാറില്ലെന്നും പലതിൽ നിന്ന് ഒഴിവാവുകയാണെന്നും ജോജു ചൂണ്ടിക്കാട്ടി.

കൂടാതെ ഒരു മില്യൺ ഫോളോവേഴ്‌സ് ഉള്ള ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഒഴിവാക്കിയെന്നും ഇപ്പോൾ താൻ മീഡിയയിൽ സജീവമല്ലെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതോടെ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യവും അന്നുയർന്നിരുന്നു. ഇടുക്കി ജില്ലയിൽ ഓഫ് റോ‍ഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനായിരുന്നു നടനെതിരെ അന്ന് കേസെടുത്തത്. 2022 ലായിരുന്നു കേസിനാസ്പദമായ ആ സംഭാവമുണ്ടാകുന്നത്.

അതേസമയം ജോജു ജോർജിന്റെ പണി സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജോജു ജോർജിന് വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നു വന്നത്. പണി സിനിമയെക്കുറിച്ച് വിമർശനാത്മകമായ റിവ്യൂ എഴുതിയതിന് ജോജു ആദർശ് എന്ന ചറുപ്പക്കരനെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന തരത്തിലുള്ള ഒരു ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

നിന്നെ ഞാന്‍ എല്ലാ സിനിമയും കാണിക്കുന്നുണ്ട്, എന്റെ മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും, 20 കോടിയോളം രൂപ ചിലവാക്കി നിർമ്മിച്ച ചിത്രത്തിനെതിരെ നീ എഴുതി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു’ എന്നൊക്കെ ജോജു പറയുന്നതായിരുന്നു  ആദർശ് പുറത്തുവിട്ട ഓഡിയോയിലുണ്ടായിരുന്നത്. ജോജുവിനെതിരെ ആദർശ് എന്ന യുവാവും രംഗത്തെത്തിയിരുന്നു. പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്നും  കുട്ടികൾ ഉൾപ്പെടെ കാണുന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താൻ റിവ്യൂ എഴുതിയതെന്നും  സിനിമ മോശം ആണെന്ന് എവിടെയും താൻ പറഞ്ഞിട്ടില്ലയെന്നും ആദർശ് പറഞ്ഞിരുന്നു.

എന്നാൽ സംഭവത്തിൽ തനിക്ക് തെറ്റ് പറ്റിയതാണ് ആ കോൾ വിളിക്കേണ്ടിയിരുന്നില്ലെന്നും നടൻ സിനിമയുടെ പ്രൊമോഷൻ വേദിയിൽ തുറന്നു പറഞ്ഞിരുന്നു .