
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായതിന് ശേഷം മലയാളികൾക്ക് സുപരിചിതനും സോഷ്യൽമീഡിയ സെലിബ്രിറ്റിയുമായി മാറിയ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ റോബിൻ രാധാകൃഷ്ണൻ ഭാവിവധു ആരതി പൊടിയുടെ ചാനലിൽ കൂടി പങ്കു വെച്ച ഏറ്റവും പുതിയ വ്ലോഗാണ് റോബിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്.
ഈ വരുന്ന 22 ആം തിയ്യതി താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോവുകയാണെന്നാണ് പുതിയ വ്ലോഗ് വീഡിയോയിലൂടെ റോബിൻ രാധാകൃഷ്ണൻ അറിയിച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങളും റോബിൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി അങ്ങോട്ട് നമ്മുടെ ലൈഫിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ വീഡിയോയാക്കി അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു എന്നാണ് റോബിൻ രാധാകൃഷ്ണൻ പറയുന്നത്. കൊവിഡ് വന്നതിനുശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി തന്റെ ലങ്സിന്റെ കപ്പാസിറ്റി വളരെ കുറവായിരുന്നു എന്നും റോബിൻ പറയുന്നു. അതിനാൽ തന്നെ ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു തനിക്കെന്നും റോബിൻ വ്യക്തമാക്കുന്നു.

മാത്രമല്ല നല്ല രീതിയിൽ കിതപ്പും തനിക്ക് ഉണ്ടായിരുന്നു. അടുത്തിടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കിന് ചെറിയ വളവും ഉള്ളിൽ ചെറിയ രീതിയിൽ മാംസത്തിന്റെ വളർച്ചയുമുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വരുന്ന 22 ആം തിയ്യതി തന്റെ സർജറിയാണ്. 21ന് ആശുപത്രിയിൽ പോകും. 22ന് സർജറി നടക്കും. ഓപ്പൺ റൈനോപ്ലാസ്റ്റിയാണ് നടക്കാൻ പോകുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരാഴ്ച വരെ നേസിൽ പാക്കേജുണ്ടാകും. മാത്രമല്ല ഒരു മാസം വരെയൊക്കെ മുഖത്ത് മുഴുവൻ നീരുണ്ടാകും. ശ്വാസം കൃത്യമായി എടുക്കാൻ പറ്റാത്തതുകൊണ്ട് കുറച്ച് നാളുകളായി തന്റെ ബോഡിക്ക് കൃത്യമായി ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ക്ഷീണവും തലകറക്കവും ചിലപ്പോഴൊക്കെ വണ്ടി ഓടിക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുന്ന പ്രവണതയുമെല്ലാം ഉണ്ടായിരുന്നു.
ചെറിയ രീതിയിൽ ബിപി തനിക്കുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടപ്പോൾ ആദ്യം ഹൈ ബിപിയുടേതാണെന്ന് താൻ കരുതി എന്നും റോബിൻ പറയുന്നു. പക്ഷെ ഇതെല്ലം മൂക്കിലുള്ള പ്രശ്നങ്ങളുടേതാണെന്ന് പിന്നിട് തിരിച്ചറിഞ്ഞു എന്നും റോബിൻ ചൂണ്ടി കാണിക്കുന്നു.
കൊച്ചിയിൽ വെച്ചാണ് സർജറി നടക്കുന്നത്. ഡോ.വരുൺ നമ്പ്യാരാണ് സർജറി ചെയ്യുന്നത് എന്നും റോബിൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തുടർന്നുള്ള കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. വ്ലോഗൊന്നും എടുക്കാൻ തനിക്ക് അറിയില്ല. എങ്കിലും നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം എടുക്കുന്നതായിരിക്കും എന്നാണ് സർജറിയുടെ വിശദാംശങ്ങൾ പങ്കിട്ട് കൊണ്ട് റോബിൻ രാധാകൃഷ്ണൻ പറഞ്ഞത്.
പ്രിയതാരം അസുഖ വിവരം പങ്കിട്ട് വ്ലോഗുമായി എത്തിയതോടെ നിരവധി ആരാധകരാണ് റോബിന് പ്രാർത്ഥനകളുമായി എത്തിയത്. എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്ന് മുന്നോട്ട് പോകാൻ പറ്റും. സർജറിയൊക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും.
അതുപോലെ തന്നെ ബിഗ് ബോസ് ഹൗസില്‍ വെച്ച് റോബിന് അസുഖമുണ്ടെന്ന് പരക്കെ ഒരു സംസാരം ഉണ്ടായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ താന്‍ എംആര്‍ഐ സ്‌കാനിങ് എടുക്കാറുണ്ടെന്നും ബിഗ്‌ബോസ് ഹൗസിൽ വെച്ച് റോബിൻ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പക്ഷെ തനിക്ക് എന്താണ് രോഗമെന്ന് ഷോയ്ക്കു ശേഷമാണ് റോബിൻ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. റോബിൻ രാധാകൃഷ്ണന് ബോണ്‍ ട്യൂമറാണുള്ളത്. തനിക്കും ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ തന്റെ വീഴ്ചകളാണ് വിജയത്തിലേക്ക് തന്നെ നയിച്ചത്. മരുന്ന് കഴിച്ചിട്ടും ഉറങ്ങിയിട്ടും മാറാത്ത കടുത്ത തല വേദന വന്നാല്‍ എങ്ങിനെയിരിയ്ക്കും. അതെല്ലാം സഹിക്കുന്ന ആളാണ് താന്‍. തനിക്ക് ബോണ്‍ ട്യൂമറാണ്. രണ്ട് വര്‍ഷമായി താന്‍ ആ അസുഖത്തെ നേരിട്ടു കൊണ്ടിരിയ്ക്കുകയാണ് എന്നാണ് റോബിന്‍ രാധാകൃഷ്ണൻ അന്ന് തന്റെ മറ്റൊരു രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് പറഞ്ഞത്.











