വളരെ സ്റ്റൈലിഷ് മേക്കിങ്ങിൽ പിറന്ന പക്കാ മാസ്- ത്രില്ലർ ചിത്രം റൈഫിൽ ക്ലബ്

Mass Thriller Rifle Club
Mass Thriller Rifle Club

വളരെ സ്റ്റൈലിഷ് മേക്കിങ്ങിൽ പിറന്ന പക്കാ മാസ്- ത്രില്ലർ പടം, ആഷിഖ് അബു സംവിധാനം ചെയ്ത ‘റൈഫിൾ ക്ലബ്ബി’നെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുവരെ അവതരിപ്പിക്കാത്തൊരു ജോണറുമായെത്തിയ ആഷിഖിന്റെ മികച്ചൊരു കംബാക്ക് പടം കൂടിയാണ് ചിത്രമെന്നതിൽ തർക്കത്തിന് സ്ഥാനമുണ്ടാകില്ല. റെട്രോ സ്റ്റൈലിൽ വിന്റേജ് ലുക്കിൽ ആദ്യാവസാനം വരെ ഡാർക്ക് തീം ഫോളോ ചെയ്ത് അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്തുന്ന പക്കാ സിനിമാറ്റിക് എക്സ്പീരിയൻസാണ്.

1991ൽ നടക്കുന്ന കഥയാണ് റൈഫിൽ ക്ലബ് പറയുന്നത്. അവറാൻ, ദയാനന്ദ്, കുഴിവേലി ലോനപ്പൻ, ഷാജഹാൻ, ഇട്ടിയാനം തുടങ്ങിയവരാണ് റൈഫിൽ ക്ലബിലെ പ്രധാന കഥാപാത്രങ്ങൾ. ദയാ ​ഗ്രൂപ്പ് മേധാവിയാണ് ദയാനന്ദ്. ഇയാൾക്ക് രണ്ട് മക്കളുണ്ട്. ഇവരാണ് ദയാനന്ദിന്റെ എല്ലാം. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു മകനെ ഇയാൾക്ക് നഷ്ടമാകുന്നു. ഇതിന് കാരണക്കാരായത് ഒരു ​ഡാൻസ് ​ഗ്രൂപ്പാണ്. ഇതേസമയം, ഇങ്ങ് സുൽത്താൻ ബത്തേരിയിൽ റൈഫിൾ ക്ലബ് കുടുംബത്തിൽ ഷാജഹാൻ എന്ന സിനിമാ നടൻ തന്റെ പുതിയ ചിത്രത്തിന്റെ ആവശ്യത്തിനായി എത്തുന്നു. ഇവിടെയാണ് ഡാൻസ് ​ഗ്രൂപ്പിലെ രണ്ട് പേർ വരുന്നത്. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് റൈഫിൾ ക്ലബിന്റെ പ്രമേയം.

പണ്ട് ടിപ്പുവിന്റെ കാലത്ത് പിൻമുറക്കാരായി കൈമാറിവന്ന തോക്ക് ശേഖരങ്ങൾ സംരക്ഷിക്കുന്നവരാണ് റൈഫിൽ ക്ലബിലെ കുടുംബാം​ഗങ്ങൾ. പുരുഷന്മാർക്കൊപ്പം സ്ത്രീകളും ​ഗൺ ഉപയോ​ഗിക്കുന്നതിൽ അ​ഗ്ര​ഗണ്യരാണ്. ഇവർക്ക് മുന്നിലാണ് റിവഞ്ച് ചെയ്യാനായി ഒരുകൂട്ടർ എത്തുന്നത്. പിന്നെ പറയേണ്ടല്ലോ പൂരം. ആദ്യ സീൻ മുതൽ തുടങ്ങിയ ‘വെടിയൊച്ച’ അവസാനം വരെ നിലനിർത്തുന്നതിൽ ചിത്രം വളരെയധികം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

ഇന്നതെന്ന് എടുത്ത് പറയാനാകാത്ത വിധമാണ് സിനിമയുടെ ഓരോ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നവർ സിനിമയെ കൊണ്ടു പോയിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ളൊരു പ്ലോട്ടിനെ വലിച്ചിഴക്കാതെ ഒരു സിനിമാ സ്ക്രീനിൽ നിന്നും പ്രേക്ഷകൻ എന്താണോ ആ​ഗ്രഹിക്കുന്നത് അത് നല്ല വെടിപ്പായി തന്നെ ആഷിഖ് അബു ചെയ്ത് വച്ചിട്ടുണ്ട്. ശ്യാം പുഷ്‌കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരുടെ തിരക്കഥ അതിന് മികച്ചൊരു അടിത്തറ പാകിയിട്ടുമുണ്ട്.