
കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് സീരിയസ് സ്വഭാവമുള്ള ക്യാരക്റ്റര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിലെ അഭിനേതാവിനെ ആഘോഷിക്കുന്ന ചിത്രമാണ് ഇ ഡി അഥവാ എക്സ്ട്രാ ഡീസന്‍റ്. അസാധാരണ സ്വഭാവമുള്ള ബിനു എന്ന കഥാപാത്രത്തിലൂടെ കുടുംബ പശ്ചാത്തലത്തില്‍ ഒരു ഡാര്‍ക് ഹ്യൂമര്‍ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.കുട്ടൻപിള്ളയുടെ ശിവരാത്രി ,ആൻഡ്രോയിഡ് കുഞ്ഞാപ്പൻ എന്നീ ചിത്രങ്ങളിലും വളരെ വ്യത്യസ്തനായ സുരാജ് വെഞ്ഞാറമൂടിനെയാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത് .
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന് ഒപ്പം സൂരജ് വെഞ്ഞാറമൂട് അഭിനയ മികവിൽ വേറിട്ട് നിന്നു .
ഇതേ രീതിയിലുള്ള സുരാജ് വെഞ്ഞാറമൂടിനെ തന്നെയാണ് എക്സ്ട്രാ ഡീസെൻറെ എന്ന ചിത്രത്തിലും കാണാൻ കഴിയുന്നത് .സാധാരണമെന്ന് തോന്നുന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കുന്ന, എക്സ്ട്രാ ഡീസന്‍റ് എന്ന് മറ്റുള്ളവരാല്‍ വിലയിരുത്തപ്പെടുന്ന കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടിന്‍റെ ബിനു. എന്നാല്‍ ഈ വിലയിരുത്തലിന് യാഥാര്‍ഥ്യവുമായി വലിയ ബന്ധമില്ലെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നിടത്താണ് ആമിര്‍ പള്ളിക്കല്‍ കോമഡി വര്‍ക്കൗട്ട് ചെയ്ത് തുടങ്ങുന്നത്. സുരാജ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ആളാണ് ഇ ഡിയിലെ ബിനു. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ വേദന ഇപ്പോഴും പേറുന്നയാളാണ് ബിനു. ഒപ്പം മോശം പേരന്റിംഗിന്റെ ഇരയും. മുതിര്‍ന്നപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അച്ഛനാല്‍ എപ്പോഴും പരസ്യമായി അപമാനിക്കപ്പെടാറുമുണ്ട് അയാള്‍. അങ്ങനെയുള്ള ബിനുവിന് അനുഭവിച്ചതിനെല്ലാം തിരിച്ചു ചോദിക്കാന്‍ ഒരിക്കല്‍ ഒരു പിടിവള്ളി കിട്ടുകയാണ്. അത് അയാള്‍ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ചില സൈക്കോ സ്വഭാവ സവിശേഷതകളുള്ള ബിനു പക്ഷേ അത്തരം മാനസികാവസ്ഥകളിലേക്ക് എങ്ങനെയെത്തി എന്നത് ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സുരാജിന്‍റെ പ്രകടനം കൂടിയാണ് ബിനുവിനെ അത്രമേല്‍ ആകർഷകമാക്കുന്നത്. സുദീര്‍ കരമനയ്ക്ക് ഏറെക്കാലത്തിന് ശേഷം ലഭിച്ച മികച്ച വേഷമാണ് ബിനുവിന്‍റെ അച്ഛനായ റിട്ട. തഹസില്‍ദാര്‍. രണ്ട് ഭാവങ്ങള്‍ വേണ്ടിവരുന്ന ഈ കഥാപാത്രത്തെ സുധീര്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ബിനുവിന്‍റെ അമ്മയായി വിനയ പ്രസാദിന്‍റെയും അവരുടെ കുടുംബത്തിന് ഉപകാരിയായ ഒരു കഥാപാത്രമായി ശ്യാം മോഹന്റെയും കാസ്റ്റിംഗ് നന്നായിട്ടുണ്ട്. ബിനുവിന്‍റെ സഹോദരി നിഷിമയായി ഗ്രേസ് ആന്‍റണി പതിവുപോലെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.











