
ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസിയുടെ ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാശ്ചത്തലത്തില്‍ എടുത്ത ചിത്രമാണ് എമര്‍ജന്‍സി. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്തതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു.











