
നടൻ ഷെയിൻ നിഗത്തിന്റെ കരിയറിൽ ശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ഭൂതകാലം. ഈ ചിത്രം അൻവർ റഷീദും ഷെയിൻ നിഗവും ചേർന്നാണ് നിർമ്മിച്ചത്.രേവതിയാണ് ഷെയിൻ നിഗത്തിനൊപ്പം ഭൂതകാലത്തിൽ പ്രധാന വേഷം ചെയ്തത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്ക് ലഭിച്ചു. ഈ സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയിൻ നിഗം. ഇനിയും ഭൂതകാലം പോലെയൊരു സിനിമ താൻ ചെയ്യില്ല നടൻ പറയുന്നു. ഭൂതകാലത്തിലെ സീനുകൾ മാനസികമായി തന്നെ തളർത്തിയിരുന്നു. സൈക്കളോജിക്കൽ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഭൂതകാലം ചെയ്യുമ്പോൾ താൻ അത് ആസ്വദിച്ചിരുന്നു. പക്ഷെ അതിന് ശേഷം തന്റെ യഥാർത്ഥ ജീവിതത്തിൽ ഒന്നുമില്ലെന്ന് തനിക്ക് തോന്നി നടൻ പറഞ്ഞു.
പക്ഷെ ആ ക്യാരക്ടറിലേക്ക് തിരിച്ച് പോകാൻ തനിക്ക് പറ്റില്ല, ഷെയിൻ നിഗം ആകണം തനിക്ക് എന്നും നടൻ പറയുന്നു. അത് ബുദ്ധിമുട്ടായിരുന്നു. ആ സിനിമ കഴിഞ്ഞപ്പോൾ മനസിൽ ഒരുപാട് ശൂന്യത തോന്നി. മാനസികമായി അത്രയധികം വലിച്ചെടുത്ത സിനിമയായിരുന്നു ഭൂതകാല൦. ഒരേസമയം തനിക്ക് ഒന്നിലേറെ സിനിമകൾ ചെയ്യാനാകില്ലെന്നും ഷെയിൻ നിഗം പറയുന്നു. താനതിന് ശ്രമിച്ചതാണ്. എന്നാൽ ദയനീയമായി ആ ശ്രമം പരാജയപ്പെട്ടു.
വെയിൽ എന്ന സിനിമ ചെയ്യുമ്പോഴാണ് താൻ അതിന് ശ്രമിച്ചത്. കുർബാനി എന്ന സിനിമയ്ക്കിടെയാണ് ആ സിനിമ ഷൂട്ട് ചെയ്തത്. രണ്ട് സിനിമകളും ഒരുമിച്ച് ചെയ്യാൻ താനേറെ പ്രയാസപ്പെട്ടെന്നും ഷെയിൻ നിഗം പറയുന്നു. മദ്രാസ്കാരനാണ് ഷെയിൻ നിഗത്തിന്റെ ഏറ്റവും പുതിയ സിനിമ. ഷെയ്ൻ നിഗത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് മദ്രാസ്‌കാരൻ.











