സെയ്ഫ് അലിഖാന് കുത്ത് കൊണ്ടില്ലേ? സിംഹത്തെപ്പോലെ നടന്നാണല്ലോ വരവ്, വീഡിയോ വൈറൽ

ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡൻ വന്നത് പോലെ ആറ് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് നടൻ സെയ്ഫ് അലിഖാൻ സെയ്ഫ് ആയി തന്നെ വീട്ടിൽ തിരിച്ച് എത്തിയിരിക്കുന്നു. ഈ വാർത്ത കേട്ട് സന്തോഷിക്കുകയാണ് ആരാധകർ. എന്നാൽ അപ്കഷെ ഒരാഴ്ച മുൻപ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വെച്ച് അക്രമിയുടെ കുത്തേറ്റത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ആശുപത്രിയിൽ നിന്നും സെയ്ഫ് അലിഖാൻ ഇന്നലെ ഡിസ്ചാർജായിട്ടുണ്ട്. ആറ് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഇന്നലെ നടൻ ആശുപത്രി വിട്ടത്. മുംബൈ ലീലാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ സെയ്ഫ് മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

എന്നാൽ വീഡിയോ വൈറലായതോടെ സെയ്ഫിന്റെ അതിവേ​ഗത്തിലുള്ള റിക്കവറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആഴത്തിലുള്ള മുറിവുകളുണ്ടായതും സർജറികൾ നടന്നതുമായ ശരീരമാണ് സെയ്ഫി അലിഖാന്റേതെന്ന് തോന്നുകയില്ലെന്നാണ് വീഡിയോയ്ക്ക് കീഴിൽ വരുന്ന കമന്റുകൾ. മേജർ സർജറി കഴിഞ്ഞ് വരുന്ന രോ​ഗിയെപ്പോലെ സെയ്ഫ് കാണുമ്പോൾ തോന്നുന്നില്ലെന്നും യഥാർത്ഥത്തിൽ പരിക്കേറ്റിട്ടില്ലേയെന്നുമെല്ലാം കമന്റുകൾ നിറയുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. ജീൻസ് ധരിച്ച് വൈറ്റ് ഷർട്ട് ടക്ക് ഇൻ ചെയ്ത് കൂളിങ് ​ഗ്ലാസും വെച്ച് സ്റ്റൈലായി നടന്ന് വരുന്ന സെയ്ഫിനെയാണ് വൈറൽ വീഡിയോയിൽ കാണാൻ കഴിയുക.

കയ്യിലും കഴുത്തിലും ബാന്റ്എയ്ഡുകൾ കാണാം. എന്നാൽ ഹീറോയെപ്പോെല സ്മാർട്ടായി നടന്നാണ് സെയ്ഫ് വസതിയിലേക്ക് കയറിപ്പോയത്. ആരാധകരെയും മീഡിയയേയും അഭിസംബോധന ചെയ്യുകയും ചെയ്തു. ബാൻഡ്എയ്ഡും തോളിൽ താങ്ങാൻ ആം പൗച്ച് സ്ലിംഗ് ബാഗും ഒക്കെ ധരിച്ചാകും സെയ്ഫ് വരികയെന്നാണ് കരുതിയത്. പക്ഷെ സെയ്ഫ് ഒന്നും സംഭവിക്കാത്ത പോലെയാണ് നടക്കുന്നത്. സെയ്ഫ് സേഫാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്, ​ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നില്ലേ?. സെയ്ഫ് അലി ഖാന് വേദനയൊന്നുമില്ലേ?. ഇതെന്ത് മാജിക്ക്?, ചെറിയൊരു നടുവേദന വന്നതുകൊണ്ട് ശരിക്ക് നടക്കാൻ കഴിയാതെ ഞാൻ പാടുപെടുകയാണ്.

പക്ഷെ ആഴത്തിൽ കുത്തേറ്റ് സർജറിക്ക് വിധേയനായിട്ടും സെയ്ഫ് എന്ത് കൂളാണ്, ആശുപത്രിവാസനത്തിനുശേഷം സെയ്ഫ് കൂടുതൽ ഫിറ്റും ഹെൽത്തിയും ഹീറോ ലുക്കുമായി. സിംഹം നടന്ന് വരുന്നതുപോലുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ. സെയ്‌ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോശസ്ത്രക്രിയ നടന്നെന്നും ഇതിന് പുറമെ ഒരു പ്ലാസ്റ്റിക് സർജറി കൂടി നടനുണ്ടായിരുന്നു എന്നുമാണ് പുറത്തുവന്ന വിവരം. ഈ കഴിഞ്ഞ ജനുവരി 16 വ്യാഴാഴ്ച രാത്രി സ്വന്തം വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയെ നേരിടുന്നതിനിടെയാണ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്.