
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി കേസിൽ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കൈമാറി നടപടികൾ വേഗത്തിൽ ആക്കുമെന്ന് പൊലീസ് അറിയിച്ചു. രാസ പരിശോധന ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാസ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ പോലീസ് തുടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് അനുസരിച്ച് സ്വാമിയുടെ ശരീരത്തിൽ മുറിവുകളോ അല്ലെങ്കിൽ മറ്റ് അസ്വാഭാവികതകളോ ഇല്ലായെന്നുള്ള വിവരം ലഭിച്ചിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂ. അതേസമയം സ്വാമിയുടെ പോസ്റ്റ്മോർട്ടം മൂന്നു ഘട്ടങ്ങളിലാണ് പരിശോധന നടത്തുക എന്ന വിവരം മുൻപ് എത്തിയിരുന്നു. മൂന്നു ഘട്ട പരിശോധന, വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും എന്നായിരുന്നു.
ഗോപൻ സ്വാമി മരിച്ചത് ഈ മാസം 9 നെ ആയിരുന്നു , എന്നാൽ മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ചും രംഗത്തെത്തിയിരുന്നു.











