പോക്സോ കേസിൽ മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി സമീപിച്ചത്. കോഴിക്കോട് കസബ പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു.

കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർനന്നായിരുന്നു പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.