ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും , നടനെതിരെ വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം

പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു

നടൻ സിദിഖിനെതിരെ ബലാത്സംഗക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി അവർ അറിയിച്ചു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് നടനതിരെയുള്ള കേസ് .

തിരുവനന്തപുരം സെഷൻസ് കോടതിയിലാണ്നടനെതിരെ  കുറ്റപത്രം സമർപ്പിക്കുക. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ലഭ്യമായ  പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്‍റെ പടിയിറക്കത്തിന് വഴിവെച്ച പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.

സുഖമായിരിക്കട്ടേ എന്ന സിനിമയുടെ പ്രിവ്യൂവിനായെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയേയും കുടുംബത്തേയും സിദ്ദിഖ് ക്ഷണിച്ചതിനും യുവനടി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു, ഹോട്ടലിലേക്കെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു സുഹൃത്തും യുവതിയൊടൊപ്പമുണ്ടായിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയം ഉപയോഗിച്ചിരുന്ന മൊബൈൽ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറാൻ സിദ്ദിഖ് തയ്യാറായില്ല. പക്ഷെ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകള്‍ നിർണായകമായി.