
മലയാളി പെൺകുട്ടി ശ്രീലക്ഷ്മി സതീഷിന് രാം ഗോപാൽ വർമ ചിത്രത്തിലേക്ക് നായികയായി ക്ഷണം ലഭിച്ചപ്പോൾ മലയാളികൾ അടക്കമുള്ളവർ നെറ്റി ചുളിക്കുകയാണ് ചെയ്തത്. സിനിമ ഇന്റസ്ട്രിയിൽ വന്ന കാലം മുതൽ ഇതുവരെയും നിരവധി വിവാദങ്ങളിൽ സംവിധായകൻ രാം ഗോപാൽ വർമ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ഏറെയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. സ്ത്രീലമ്പടനായ ഒരു വ്യക്തിയുടെ സിനിമയിൽ നായിക വേഷം ചെയ്യേണ്ടതുണ്ടോയെന്ന തരത്തിൽ വരെ ശ്രീലക്ഷ്മിക്ക് നേരെ ചോദ്യം വന്നിരുന്നു. പോരാത്തതിന് ഇത്തരമൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ മകളെ അനുവദിച്ചതിന് ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾക്ക് നേരെയും വിമർശനം ഉയർന്ന് വന്നിരുന്നു. എന്നാൽ കഥകേട്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് സാരി സിനിമയുടെ ഭാഗമായതെന്നും തനിക്ക് അദ്ദേഹം ഒരു അധ്യാപകനെ പോലെയാണെന്നുമാണ് ശ്രീലക്ഷ്മി അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞത്. സിനിമയിൽ എത്തിയപ്പോഴേയ്ക്കും ശ്രീലക്ഷ്മി എന്ന പേര് മാറ്റി ആരാധ്യ ദേവി എന്ന പേരും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നു. പണ്ടേ തനിക്ക് തന്റെ ശ്രീലക്ഷ്മി എന്ന പേര് ഇഷ്ടമായിരുന്നില്ല എന്നാണ് ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ശ്രീലക്ഷ്മി പാറഞ്ഞതും. ഇപ്പോഴിതാ സാരി സിനിമയുടെ പ്രമോഷനായി കേരളത്തിൽ എത്തിയ ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി ഈ സിനിമയെക്കുറിച്ചും രാം ഗോപാൽ വർമയെ കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് മുൻപ് പറഞ്ഞതിൽ തനിക്ക് യാതൊരു വിധ പശ്ചാത്താപവുമില്ല എന്നും ആരാധ്യ ദേവി പറയുന്നു. ഹോൾഡ് വീഡിയോ സാരി മാത്രമെ ധരിക്കുകയുള്ളുവെന്ന പറഞ്ഞ ഞാൻ മറ്റുള്ള വസ്ത്രങ്ങൾ കൂടി പരീക്ഷിക്കാൻ തുടങ്ങിയതിന് റാം (രാം ഗോപാൽ വർമ) കാരണമായിട്ടില്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അത് ഞാൻ വ്യക്തമായി പറയും. എന്റെ ലൈഫിലുണ്ടായ എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷെ എനിക്ക് അത് ഇഷ്ടമല്ല. പിന്നെ അത്തരത്തിൽ സംസാരിക്കുന്ന ആളുകളെ നമുക്ക് തടയാനാവില്ലല്ലോ എന്നും ആരാധ്യ പറയുന്നു. എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് റാം. അതും നല്ല രീതിയിൽ. എന്റെ ജീവിതം ഒരുപാട് മെച്ചപ്പെടാൻ കാരണവും അദ്ദേഹമാണ്. ഞാൻ ഇന്ന് നല്ലൊരു ജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തെ കണ്ട് മുട്ടിയതിൽ ഞാൻ സന്തോഷവതിയാണ്.
റാം എന്നെ ഇൻഫ്ലൂവൻസ് ചെയ്തിരിക്കുന്നത് ഒരു അധ്യാപകൻ എന്ന രീതിയിലാണ്. അദ്ദേഹമാണ് എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുന്നത്. നല്ല രീതിയിൽ ഓരോ ദിവസവും ചിന്തിക്കാൻ വേണ്ടി പുള്ളി എന്നെ തയ്യാറാക്കുന്നുണ്ട്. സാരിയിൽ നിന്നും എനിക്ക് ചെയ്ഞ്ച് വന്നതിന് പുള്ളി ഒരിക്കലും എന്നെ ഫോഴ്സ് ചെയ്തിട്ടില്ല. ആളുകൾ അങ്ങനെ പറയുന്നുണ്ടെങ്കിലും. സാരി സിനിമയുടെ ഭാഗമായ സമയത്ത് എന്റെ ശരീര ഭാരം 72 കിലോയായിരുന്നു. വെയിറ്റ് കുറയ്ക്കട്ടേയെന്ന് ഞാൻ അങ്ങോട്ട് പോയി റാമിനോട് ചോദിച്ചതാണ്. അപ്പോഴും എന്റെ താൽപര്യത്തിന് അനുസരിച്ച് ചെയ്യാനാണ് അദ്ദേഹം പറഞ്ഞതെന്നും ആരാധ്യ ദേവി പറയുന്നു. ആർജിവിയുടെ സിനിമയിൽ അഭിനയിക്കാൻ എന്നെ എങ്ങനെ മാതാപിതാക്കൾ അനുവദിച്ചുവെന്ന് ചോദിച്ചാൽ… ഇന്റസ്ട്രിയിൽ എല്ലാവരും ക്ലീനാണെന്ന് തോന്നുന്നുണ്ടോ?. ഒരിക്കലും ഇല്ല. ഞാൻ ഇങ്ങനെയാണെന്ന് പുള്ളി എല്ലാവരേയും കാണിക്കുന്നുണ്ട്. ഒന്നും ഒളിപ്പിച്ച് പിടിക്കുന്നില്ലല്ലോ.
റാം എല്ലാ ഴോണറിലുള്ള സിനിമയും ട്രൈ ചെയ്ത ഒരാളാണ്. പണ്ട് അദ്ദേഹത്തിന്റെ വാല്യു എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ട്. പിന്നെ നടിയുടെ കാൽ അദ്ദേഹം നക്കിയ വിവാദമെടുത്താൽ ആ പെൺകുട്ടിക്ക് അത് പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നം?. അനുവാദം ചോദിച്ചിട്ടാണ് പുള്ളി അത് ചെയ്തത്. പുള്ളി എന്താണെന്നുള്ളത് പുള്ളി കാണിക്കുന്നു. ഞാൻ ഇതേ കുറിച്ചൊന്നും സംസാരിക്കേണ്ട ആവശ്യമില്ല. കാരണം എല്ലാം അദ്ദേഹത്തിന്റെ പേഴ്സണൽ ലൈഫാണ്. അദ്ദേഹം അദ്ദേഹത്തിന് വേണ്ടതുപോലെ ജീവിക്കുന്നു. കുറ്റപ്പെടുത്തുന്നവരോട് ഞാൻ സംസാരിക്കാറില്ല. എന്റെ ലോകം എന്റെ അച്ഛനും അമ്മയുമാണ്. ആർജിവിയുടെ ഗേൾഫ്രണ്ടാണ് ഞാൻ… ലിവിങ് റിലേഷൻഷിപ്പാണ് എന്നൊക്കെ പ്രചരിക്കുന്നത് ഗോസിപ്പ് മാത്രമാണ്. ഈ വിഷയത്തിൽ ഞാൻ വ്യക്തമായ ഉത്തരം തന്ന് കഴിഞ്ഞാലും എന്താണ് സംഭവിക്കാൻ പോകുന്നത്. പറയുന്നവർ എപ്പോഴും പറയും. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും ആരാധ്യ ദേവി പറയുന്നു.












