
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. മോഹൻലാലും ,ശ്രീനിവാസനും, ശോഭനയുമടക്കമുള്ള താരങ്ങൾ മത്സരിച്ച് അഭിനയിച്ച ചിത്രം. ഇപ്പോൾ സത്യൻ അന്തിക്കാട് സിനിമയായ നാടോടികാറ്റിനെ കുറിച്ചും ,മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നീ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള സംഭവങ്ങളെ കുറിച്ച് ഓർമകളും പങ്കിടുകയാണ് കാമറമാൻ വിപിൻ മോഹൻ.
ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും എനിക്കുണ്ട്. അന്നും ഇന്നും എന്നും മലയാള സിനിമയിലെ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാലും, ശ്രീനിവാസനും. നല്ല കോര്‍ഡിനേഷനാണ് അവര്‍ തമ്മിൽ.

സിനിമയിലെ ഓരോ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും മലയാളികൾക്ക് മനപ്പാഠമാണ്. ചിത്രത്തിലെ ഹൈലൈറ്റ് എന്നത് തന്നെ മോഹൻലാൽ-ശ്രീനിവാസ് കോമ്പോ ആയിരുന്നു. അവര്‍ രണ്ടുപേരും സിനിമക്ക് പുറമെ കാണിക്കുന്ന കോമഡി കണ്ടിട്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടിവീണ് സത്യന്‍ അന്തിക്കാടിന്റെ കയ്യില്‍ നിന്ന് വഴക്ക് കേട്ട ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.മോഹന്‍ലാലെന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടറാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ അഭിനയവും ഷോട്ട് സമയത്തെ വരൂ.
ഞാന്‍ ഷോട്ട് സമയത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്. എന്നെ എക്കാലത്തും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നടൻ മോഹൻലാൽ തന്നെയാണ്. അദ്ദേഹം എന്താണ് അഭിനയിക്കാൻ പോകുന്നതെന്ന് നമ്മുക്ക് മനസിലാകില്ല. സ്ക്രിപ്റ്റ് നോക്കും, ഡയലോഗ് വായിക്കും. നാടോടിക്കാറ്റ് ക്ലൈമാക്സ് രംഗത്തിൽ ശോഭനയെ എടുക്കുന്ന സീനിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ… , ശോഭന ആ സമയത്ത് സിനിമയിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണ്. ഒരു പക്ഷെ ആ സമയത്ത് നടുവേദന ലാൽ മറന്നിട്ടുണ്ടാകും. ശോഭനയെ എടുക്കാൻ പറഞ്ഞാൽ അത് ഞാനായാലും മറക്കുമെന്നും വിപിൻ മോഹൻ പറയുന്നു.












