ലഹരിക്കേസിൽ തെറ്റിദ്ധരിച്ചു ആരെയും കുടുക്കരുത്, അത് മാനസിക വിഷമം ഉണ്ടാക്കും; എക്‌സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ

എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്, അത് വലിയ മാനസിക വിഷമം ഉണ്ടാക്കും യു പ്രതിഭ പ്രതികരിച്ചു, പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണം. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയേയും അങ്ങനെ ചെയ്യാൻ പാടില്ല. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

അതേസമയം, ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎ പ്രതിഭയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും, കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ എക്സൈസ്സ് കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടികൂടിയതെന്നും എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

എന്നാൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎ നൽകിയ മൊഴി.കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.