
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുമായി പ്രതി പള്‍സര്‍ സുനി.നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപാണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നും പള്‍സര്‍ സുനി പറയുന്നു. വാഗ്ദാനം ചെയ്ത ഒന്നര കോടിയില്‍ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പള്‍സര്‍ സുനി കൂട്ടിച്ചേർക്കുന്നു. അതുപോലെ അത്യാവശ്യം വരുമ്പോള്‍ താൻ ദിലീപില്‍ നിന്ന് കുറച്ച് കുറച്ചായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും , ഒരു സിനിമയുടെ ചെലവിലാണ് പണം വാഗ്ദാനം ചെയ്തതെന്നും 70 ലക്ഷത്തോളം രൂപ ലഭിച്ചെന്നും പള്‍സര്‍ സുനി പറയുന്നു.

നടി ആക്രമിക്കപ്പെടുമ്പോള്‍ എല്ലാ വിവരവും തത്സമയം ഒരാള്‍ അറിഞ്ഞിരുന്നുവെന്നും, തന്നെ ആക്രമിക്കാതിരുന്നാല്‍ എത്ര വേണമെങ്കിലും പണം നല്‍കാമെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നു, എന്നാൽ ആ പണം വാങ്ങിയിരുന്നെങ്കില്‍ താന്‍ ജയിലില്‍ പോകില്ലായിരുന്നുവെന്നും, അതിക്രമം നടക്കുമ്പോള്‍ താന്‍ മറ്റ് ചിലരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പലതവണ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, കുറ്റബോധം ഉണ്ടാകണമെങ്കില്‍ തന്നോട് പറഞ്ഞ പോലെയെല്ലാം ചെയ്യണമായിരുന്നുവെന്നും അല്ലാതെ തന്നെയുള്ള കാര്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നും പള്‍സര്‍ സുനി പറഞ്ഞു.
നടിയെ ഏത് രീതിയില്‍ ആക്രമിക്കണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു, സ്വമേധയാ സഹകരിക്കുന്നു എന്ന രീതിയിലായിരിക്കണം ദൃശ്യങ്ങള്‍ ലഭിക്കേണ്ടതെന്ന വിവരം നടിയോട് പറഞ്ഞിരുന്നതായും പൾസർ സുനി പറഞ്ഞു. ഇതേ തുടര്‍ന്നാണ് തന്നെ വിട്ടയക്കണമെന്നും, എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് നടി പറഞ്ഞത്, എന്നും പൾസർ സുനി വെളിപ്പെടുത്തി. അതേസമയം, 2024 സെപ്റ്റംബറില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കാണരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് എറണാകുളംപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, പരോളിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയായ പള്‍സര്‍ സുനി ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ സ്ട്രിങ് ഓപ്പറേഷനിലാണ് പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍.












