
സിനിമ സെറ്റിലെ നടന്റെ മോശം പെരുമാറ്റം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിനെ പിന്തുണച്ച് ഡബ്ല്യൂ.സി.സി, അവള്‍ക്കൊപ്പമെന്ന ടാഗ് ലൈനോടുകൂടിയാണ് ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. വിൻസിയുടെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുകയാണെന്നും സംഘടന അറിയിച്ചു.ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു.മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ ആദ്യം പരാതി നല്‍കേണ്ടത് ഐ.സിയിലാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

കേരളത്തിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണെന്നും കുറിപ്പില്‍ പറയുന്നു. പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് ആഭ്യന്തര പരിശോധനാ സമിതിയുടെ ഉത്തരവാദിത്വമെന്നും കുറിപ്പില്‍ പറയുന്നു. ഐ.സി അംഗങ്ങള്‍ക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നല്‍കാനായി വനിത ശിശു വികസന വകുപ്പ് വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ ഐ.സി നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിൻ്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ ഐ.സി യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്.
ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും.ഐ.സി സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസിലാക്കണമെന്നും ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ എന്നാണ് ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്.












