വ്ളോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് കുറ്റം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസാണ് കേസെടുത്തത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും മൊഴിയുണ്ട്.ഒന്നരമാസം മുൻപ് കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് നായരും ഇതിൽ അഭിനയിച്ചിരുന്നു.

ഇരയായ പെൺകുട്ടിയെ ഇവിടേക്ക് എത്തിക്കുകയും സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കുട്ടിക്ക് ചില മാനസികമായ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഈ പരാതിയിൽ പറയുന്നുണ്ട്.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ പ്രകാരം മുകേഷ് നായര്‍ക്കെതിരെ കേസെടുത്തു. പ്രതി മുകേഷ് നായര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.

എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിനായിരുന്നു കേസ്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നത്.