
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ് മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയപേജിലൂടെയാണ് മോഹൻലാൽ നന്ദി കുറിപ്പ് പങ്ക് വെച്ചത്.“തുടരും എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓരോ നല്ല വാക്കും, അഭിനന്ദനവും എന്നെ ആഴത്തിൽ സ്പർശിച്ചു. അതെല്ലാം ഈ യാത്രയിൽ എനിക്കൊപ്പം നടന്ന്, ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലേക്കും സ്നേഹവും, അധ്വാനവും, ആത്മാവും സമർപ്പിച്ച ഓരോരുത്തർക്കും അവ ഞാൻ സമർപ്പിക്കുന്നു” എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേസമയം, ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം മോഹൻലാൽ പൂനെയിൽ വെച്ച് തിയറ്ററിൽ കണ്ടിരുന്നു. സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ പ്രമോഷണൽ മറ്റിരിയലുകളിലൊന്നും സൂചിപ്പിക്കാത്ത പല സസ്പെൻസ് സീനുകളും വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ പ്രതികരിച്ചത്. ദൃശ്യം 2 വിന് ശേഷം വീണ്ടും മോഹൻലാൽ ഒരു കുടുംബനാഥന്റെ വേഷത്തിലെത്തിയ തുടരും എമ്പുരാന് ശേഷം മോഹൻലാലിന് അടുത്ത ബോക്സോഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയായ മോഹൻലാൽ-ശോഭനയുടെ സാന്നിധ്യമായിരുന്നു, റിലീസിന് മുൻപ് വരെ ചിത്രത്തിലുള്ള പ്രധാന ആകർഷണഘടകം. എന്നാൽ ട്രെയ്ലർ റിലീസ് ചെയ്തതോടെ ചിത്രം ഒരു ഫീൽഗുഡ് ചിത്രം മാത്രമല്ല വളരെ ഉദ്യോഗജനക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിരുന്നു.











