
തനിക്കെതിരെ അസത്യവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയുമായി മുൻപോട്ട് പോകു൦ തുറന്നടിച്ചു നടി പ്രയാഗ മാർട്ടിൻ. വാസ്തവരഹിതമായ ആരോപണങ്ങൾ നിരന്തരം തനിക്കെതിരെ ഉന്നയിക്കുന്നത് വേദനാജനകമാണ്. അടിസ്ഥാനരഹിതമായ വാർത്തകൾ കെട്ടിച്ചമയ്ക്കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കുമെന്നും, അസത്യപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും പ്രയാഗ കുറിച്ചു.മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തന്റെ പ്രിയപ്പെട്ടവർ വിശ്വസിക്കരുതെന്ന് നടി പറയുന്നു.

ചില മാധ്യമങ്ങൾ എന്റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവു മായ ചില ആരോപണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ, മാധ്യമങ്ങളുടെ അശ്രദ്ധയാലോ അറിവോടെയോ അല്ലാതെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. ഇത് തികച്ചും ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുകയേ ഉള്ളൂ.
എന്നെപ്പറ്റി ഒരു ഉത്തരവാദിത്തവുമില്ലാതെ അനിയന്ത്രിതമായി അസത്യപ്രചാരണങ്ങൾ നടത്തുന്നത് ഇനിയും അവഗണിക്കാൻ കഴിയില്ല. എന്റെ പ്രഫഷണൽ ജീവിതത്തിലുടനീളം, മാന്യതയും ഉത്തരവാദിത്വവും സത്യസന്ധതയും പുലർത്തുന്നതിൽ ഞാൻ ശ്രദ്ധചെലുത്തിയിട്ടുണ്ട്.ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും ഇതുവരെയുള്ള സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.ഞാൻ ഈ അസത്യപ്രചാരണങ്ങൾക്കെതിരെ മുൻപോട്ട് പോകുകയാണ്, എന്നാണ് നടി കുറിച്ചിരിക്കുന്നത്.












