
ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ കാരണമായ സംഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് നടൻ രവി മോഹൻ. തനിക്ക് മക്കളുമായി ഒരു പ്രശ്നവുമില്ലാ, കുടുംബം തകർത്തത് മുൻ ഭാര്യ ആരതിയും അവരുടെ മാതാപിതാക്കളുമാണെന്ന ഗുരുതരമായ ആരോപണങ്ങളാണ് ജയം രവി പറയുന്നത്. മാതാപിതാക്കളെപോലും സഹായിക്കാൻ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുക്കുകയും ചെയ്തു, നടൻ പറയുന്നു. വർഷങ്ങളായി എന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നവർ, ഇപ്പോൾ മുന്നിൽ നിന്ന് നേരെ നെഞ്ചിലേക്ക് കുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്ന് രവി മോഹൻ പറയുന്നു.

ഇപ്പോൾ നടൻ പങ്കുവെച്ച പത്രകുറിപ്പിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ആദ്യമായും അവസാനമായും തനിക്ക് പറയാനുള്ളത് ഇതാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥനയാണ്, നടൻ പറഞ്ഞു. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുതാപമോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് എനിക്ക് ആഘാതകരമായിട്ടുണ്ട്,എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല. അത് അതിജീവനമായിരുന്നു.
കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാൻ എന്റെ കരിയർ കെട്ടിപ്പടുത്തത്. എന്റെ മുൻ വിവാഹത്തിൽ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്,എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ ആത്മാർഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാൻ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു. ഒടുവിൽ അസഹനീയമായ ആ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശക്തി സംഭരിച്ചു. എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ വേണ്ടി ബൗൺസർമാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയിൽ എന്റെ കടമ നിർവഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്, രവിമോഹൻ പറയുന്നു.











