‘എയ് ഓട്ടോ’യിലെ ഇമോഷണൽ സീൻ ഞാൻ മോഷ്ടിച്ചത്! സീനിനെ കുറിച്ചും സിനിമയെ കുറിച്ചും മണിയൻപിളള രാജു

മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഏയ് ഓട്ടോ, ഇപ്പോൾ ചിത്രത്തെ കുറിച്ചും അതിലെ ചില സീനുകളെ കുറിച്ചും തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ചിത്രത്തില്‍ സുധി എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തിലായിരുന്നു മോഹൻലാൽ എത്തിയിരുന്നത്, ഏയ് ഓട്ടോയിലെ ഇമോഷണല്‍ സീൻ താൻ മറ്റൊരു ചിത്രത്തിൽ നിന്നും അടിച്ചുമാറ്റിയതാണെന്നാണ് മണിയൻപിള്ള പറയുന്നത്. ഒരു സിനിമ നന്നാവണമെങ്കില്‍ കണ്ടന്റ് വേണം. ഏയ് ഓട്ടോ എന്ന സിനിമയില്‍ ഊണ് കഴിക്കാന്‍ ഇരിക്കുന്നിടത്തു നിന്ന് മോഹന്‍ലാലിനെ ഇറക്കിവിടുന്ന ഒരു സീനുണ്ട്.

ആ സീന്‍ ഞാന്‍ മോഷ്ടിച്ചത് ‘ആഭിജാത്യം’ എന്ന സിനിമയില്‍ നിന്നാണ്. മധു സാര്‍ കല്യാണം കഴിക്കുന്നത് ശാരദയെ ആണ്. അനിയത്തിയെ കല്യാണം കഴിക്കുന്നത് നസീര്‍ സാറാണ്, വലിയ വരുമാനം ഇല്ലാത്ത മധുസാര്‍ താഴെ ഇലയിട്ട് സദ്യ കഴിക്കാന്‍ ഇരിക്കുകയാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ തിക്കുറിശിയാണ്. അപ്പോള്‍ അവിടെ വേറെ ആരോ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ലാ , മധുസാറിന്റെ കഥാപാത്രം ചോറ് കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നീ അങ്ങോട്ട് എണീക്ക്. ഇതിനിടയില്‍ തന്നെ നിനക്ക് കഴിക്കണോ എന്ന് ചോദിക്കും.

അപ്പോള്‍ ശാരദ അദ്ദേഹത്തെ ഒന്ന് നോക്കും. അവരുടെ കണ്ണ് കലങ്ങും. മധു സാര്‍ ഒരു വല്ലാത്ത ചിരി ചിരിച്ച് അവിടെ നിന്ന് ഇറങ്ങും. ഞാന്‍ ഇത് തിയേറ്ററില്‍ കണ്ട് കരഞ്ഞ സീനാണ്, ഈ സീനാണ് ലാലിൻറെ ഇമോഷണൽ സീൻ ആയി താൻ ഏയ് ഓട്ടോയിലേക്ക് കൊണ്ടുവന്നത്. മീനുക്കുട്ടിയുടെ പിറന്നാളിന്റെ അന്ന് സുധിയെ അവിടേക്ക് വിളിക്കുകയും സുകുമാരി ചേച്ചിയെ കൊണ്ട് നീ അങ്ങ് എഴുന്നേല്‍ക്ക് നിനക്ക് എന്താണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്ത് വേറൊരു ഹിറ്റ് പടത്തില്‍ നിന്നുള്ള കണ്ടന്റ് അടിച്ചുമാറ്റിയതാണ്, മണിയൻപിള്ള രാജു പറയുന്നു.