
കമൽ ഹാസനും, മണി രത്നവും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ ‘തഗ് ലൈഫ്’ ജൂൺ 5ന് തീയറ്ററുകളിൽ എത്തുകയാണ്. എന്നത്തേയും പോലെ ഒരു ഉലഗനായകന്റെ ചിത്രം പുറത്തിറങ്ങുന്നത് ഒരു വിവാദത്തിന്റെ അകമ്പടിയോടെയാണ്. തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ കന്നഡ ഭാഷയെക്കുറിച്ച് കമൽ നടത്തിയ പരാമർശം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കന്നഡ പിറന്നത് തമിഴ് ഭാഷയിൽ നിന്നാണ് എന്ന കമൽ ഹാസന്റെ പരാമർശമാണ് കർണാടകയിലെ സിനിമ പ്രേമികളെയും, ഭാഷാ സ്നേഹികളെയും ഒരു പോലെ ചൊടിപ്പിച്ചത്.

ഇതിനിടെ, തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ മുഖ്യതിഥിയായി എത്തിയ കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ കൂടി കമൽ ഹാസനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. അടുത്തിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശിവ രാജ്കുമാർ, കമൽ ഹാസന്റെ വിവാദ പ്രസ്താവനയെ താൻ പിന്തുണക്കുന്നില്ല എന്ന് തുറന്നു പറഞ്ഞു. നടന് അടക്കമുള്ള വേദിയില്‍ വച്ചായിരുന്നു കമല്‍ ഹാസന് കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന പ്രസ്താവന നടത്തിയത്. വേദിയില്‍ ഇരുന്ന് ശിവ രാജ്കുമാര് കൈയ്യടിക്കുന്ന വീഡിയോയും പുറത്തെത്തിയിരുന്നു.എന്നാല്‍ താന്‍ കൈയ്യടിച്ചത് കന്നഡ ഭാഷയെ കുറിച്ച് പറഞ്ഞത് കേട്ടിട്ടല്ല എന്നാണ് ശിവ രാജ്കുമാര് വ്യക്തമാക്കിയിരിക്കുന്നത്. ‘ആ പരിപാടിയില്‍ എന്താണ് നടന്നതെന്ന് പോലും ആ സമയത്ത് മനസിലായിരുന്നില്ല. ഞാന്‍ കൈയ്യടിച്ചത്,
അദ്ദേഹം എന്റെ ചിറ്റപ്പന്റെ സ്ഥാനത്താണ് എന്ന് പറഞ്ഞപ്പോഴാണ്. പക്ഷെ ഇപ്പോള്‍ എല്ലായിടത്തും കാണിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ അദ്ദേഹം കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പ്രസ്താവനക്ക് ഞാന്‍ കൈയ്യടിച്ചതായാണ് കാണിക്കുന്നത്. അത് തെറ്റാണ്. എല്ലാ ഭാഷകളെയും കാണുന്നത് പ്രാധാന്യത്തോടെയാണ്. എന്നാല്‍, എന്റെ മാതൃഭാഷ കന്നഡയ്ക്കായി ജീവന് വരെ നല്കാന് ഞാന്‍ തയ്യാറാണ്. പക്ഷെ, കമല്‍ ഹാസന് മാപ്പ് പറയണമെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം ഒരു സീനിയര്‍ നടനാണ്. ഞാന്‍ അദ്ധേഹത്തിന്റെ ഏറ്റവും വലിയ ആരാധകനും, എന്നാണ് ശിവ രാജ്കുമാര് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.












