മൂന്നാറിൽ വിനോദസഞ്ചാരിക്ക് നേരെ തട്ടുകടക്കാരന്റെ ആക്രമണം

ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരൻ ഇരുമ്പ് ചട്ടുകം ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശിയായ എം. ഷംനാദിനാണ് (33) മർദനമേറ്റത്. ഇദ്ദേഹം മൂന്നാറിലെ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി 10 മണിയോടെ മൂന്നാർ പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിലാണ് സംഭവം. സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഓർഡർ നൽകി കാത്തിരിക്കുന്നതിനിടെ, തങ്ങൾക്ക് ശേഷം വന്നവർക്ക് ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്തു. ഇതാണ് വഴക്കിന് കാരണമായത്. വാക്കുതർക്കം രൂക്ഷമായതോടെ തട്ടുകടക്കാരൻ ഇരുമ്പ് ചട്ടുകം ഉപയോഗിച്ച് ഷംനാദിന്റെ തലയ്ക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

സുഹൃത്തും നാട്ടുകാരും ചേർന്നാണ് ഉടൻതന്നെ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.