നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’ ഉടൻ ജിയോ ഹോട്ട്സ്റ്റാറിൽ

മലയാളികളുടെ പ്രിയ താരം നിവിൻ പോളി ആദ്യമായി ഒരു വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സംഭവബഹുലമായ കഥ പറയുന്ന മെഡിക്കൽ ഡ്രാമ സീരീസായ ‘ഫാർമ’ ഉടൻ ജിയോ ഹോട്ട്സ്റ്റാർ വഴി സ്ട്രീമിംഗ് ആരംഭിക്കും.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഫാർമ’ ഒരുക്കിയിരിക്കുന്നത്. ഒരു മെഡിക്കൽ റെപ്രസൻ്റേറ്റീവ് ആയി ജോലിയിൽ പ്രവേശിച്ച് സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കടുത്ത മത്സരം നിറഞ്ഞ വിൽപ്പന ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള സമ്മർദ്ദങ്ങളും, കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആഴത്തിൽ വേരൂന്നിയ അഴിമതിക്കെതിരെ പോരാടാൻ അയാൾ നടത്തുന്ന ധാർമ്മികമായ ശ്രമങ്ങളുമാണ് സീരീസിൻ്റെ പ്രധാന ഇതിവൃത്തം. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.