
മലപ്പുറം പാണ്ടിക്കാട് വെട്ടിക്കാട്ടിരി ചുങ്കത്തകുന്ന് സ്വദേശിയായ പുരക്കൽ പ്രദീപിന്റെ (ഉണ്ണി) വീടിനോട് ചേർന്നുള്ള കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ മലപ്പുറം ജില്ലാ ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് സാഹസികമായി രക്ഷപ്പെടുത്തി.
രാത്രി ഇരപിടിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ ചാടിയതാകാമെന്നാണ് നിഗമനം. വീട്ടുകാർ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കിണറ്റിലാണ് പാമ്പ് കുടുങ്ങിയത്. കഴിഞ്ഞ രാത്രിയിൽ വീട്ടുകാർ വെള്ളം കോരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനിടെ കിണറ്റിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പ് വെള്ളത്തിനു മുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ നിലമ്പൂർ കേരള വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാണ്ടിക്കാട് റെസ്‌ക്യൂവറായ മുജീബ് പാണ്ടിക്കാടിന്റെ നമ്പർ വീട്ടുകാർക്ക് കൈമാറിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകനും കേരള വനംവകുപ്പ് സ്‌നേക്ക് സർപ്പ റെസ്‌ക്യൂവറുമായ മുജീബ് പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരായ അസീസ് വളരാട്, സക്കീർ കാരായ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂർഖൻ പാമ്പിനെ കിണറ്റിൽ നിന്ന് സുരക്ഷിതമായി പിടികൂടി. ഇതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്. പിടികൂടിയ പാമ്പിനെ ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് മുജീബ് പാണ്ടിക്കാട് അറിയിച്ചു.











