
രാത്രികാലങ്ങളിൽ ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരങ്ങളുടെ പട്ടികയിൽ ടോക്കിയോക്കും സിംഗപ്പൂരിനും ഒപ്പം ഇടം നേടിയിരിക്കുകയാണ് ഇന്ത്യയുടെ തലസ്ഥാനമായ ദില്ലി. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) അതിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഈ ശ്രദ്ധേയമായ നേട്ടം വ്യക്തമാക്കുന്നത്.
ഐഎസ്എസ് പകർത്തിയ ചിത്രങ്ങളിൽ, ദില്ലി നഗരം പ്രകാശത്താൽ തിളങ്ങുന്ന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രകാശത്തിന്റെ കാര്യത്തിൽ ടോക്കിയോ, സിംഗപ്പൂർ തുടങ്ങിയ ലോകോത്തര മെട്രോ നഗരങ്ങളോട് കിടപിടിക്കുന്ന ദൃശ്യവിസ്മയമാണിത്.
ഏകദേശം 34.67 ദശലക്ഷം ആളുകൾ താമസിക്കുന്ന ദില്ലി, ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ്. പ്രാദേശിക സമയം രാത്രി 10:54-ന് എടുത്ത ഈ ഫോട്ടോഗ്രാഫിൽ, നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് യമുനാ നദി ഒഴുകുന്നത് വ്യക്തമായി കാണാം. ചിത്രത്തിന്റെ മധ്യഭാഗത്തായി, തിളക്കമുള്ള ദീർഘചതുരാകൃതിയിൽ കാണുന്ന ഭാഗം ദക്ഷിണേഷ്യയിലെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ദില്ലി നഗരത്തിലുടനീളമുള്ള വൈദ്യുത വിളക്കുകളുടെ സമൃദ്ധിയാണ് ഈ തിളക്കത്തിന് പ്രധാന കാരണം.











