
ഐടി ഭീമനായ കോഗ്നിസന്റ് (Cognizant) ജീവനക്കാരുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി, പ്രോഹാൻസ് (ProHance) എന്ന വർക്ക്ഫോഴ്സ് പ്രൊഡക്ടിവിറ്റി ടൂൾ കമ്പനി ഉപയോഗിച്ചു തുടങ്ങി. ജീവനക്കാരുടെ ലാപ്ടോപ്പുകളിലെ ഓരോ ക്ലിക്കുകളും ചലനങ്ങളും ഈ ടൂൾ വഴി ട്രാക്ക് ചെയ്യപ്പെടും.
5 മിനിറ്റ് നിഷ്ക്രിയമായാൽ ‘പണി കിട്ടും’
കോഗ്നിസന്റിന്റെ പുതിയ നയം അനുസരിച്ച്, ഓരോ അഞ്ച് മിനിറ്റിലും ജീവനക്കാരെ അളക്കാൻ ഈ ടൂൾ ഉപയോഗിക്കും. മൗസ്, കീബോർഡ് പ്രവർത്തനങ്ങൾ പ്രോഹാൻസ് രേഖപ്പെടുത്തുകയും സിസ്റ്റങ്ങൾ എത്ര സമയം നിഷ്ക്രിയമായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ വിലയിരുത്തുകയും ചെയ്യും.കമ്പനിയുടെ പുതിയ നയം അനുസരിച്ച്, 300 സെക്കൻഡ് അഥവാ അഞ്ച് മിനിറ്റ് മൗസോ കീബോർഡോ പ്രവർത്തിച്ചില്ലെങ്കിൽ ജീവനക്കാരനെ ‘നിഷ്ക്രിയൻ’ എന്ന് അടയാളപ്പെടുത്തും. ലാപ്ടോപ്പ് 15 മിനിറ്റ് നിഷ്ക്രിയമായി തുടരുകയാണെങ്കിൽ, ‘സിസ്റ്റത്തിൽ നിന്ന് അകലെ’ എന്നായിരിക്കും അടയാളപ്പെടുത്തുക. കഴിഞ്ഞ ഒരു മാസമായി കോഗ്നിസന്റ് ജീവനക്കാർക്കായി ഈ മാറ്റങ്ങൾ ക്രമേണ നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഈ നിരീക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, ഈ ഡാറ്റ ജീവനക്കാരുടെ പ്രകടന വിലയിരുത്തലിനായി ഉപയോഗിക്കില്ല എന്ന് കോഗ്നിസന്റ് വ്യക്തമാക്കി. ഈ സംവിധാനം ക്ലയന്റ് പ്രക്രിയകൾ മനസ്സിലാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ജീവനക്കാർ സമ്മതം നൽകിയാൽ മാത്രമേ ട്രാക്കിംഗ് നടപ്പിലാക്കൂ എന്നും കോഗ്നിസന്റ് കൂട്ടിച്ചേർത്തു.
എങ്കിലും, പ്രോഹാൻസ് പരിശീലന മൊഡ്യൂൾ ജീവനക്കാർക്ക് നിർബന്ധമാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിശീലന വേളയിൽ ജീവനക്കാരോട് “ഞാൻ സമ്മതിക്കുന്നു” എന്ന് ക്ലിക്ക് ചെയ്യാൻ നിർബന്ധിച്ചുവെന്നും, ഇത് ‘നിർബന്ധിത സമ്മതം’ (Forced Consent) ആണെന്ന് പല ജീവനക്കാരും വിശേഷിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.











