“തന്റേടമില്ലാത്തവർ സിനിമയെടുക്കരുത്”; ‘നരിവേട്ട’ ആദിവാസി സമര ചരിത്രത്തെ വളച്ചൊടിച്ചെന്ന് സി.കെ. ജാനുവിന്റെ രൂക്ഷ വിമർശനം

കൊച്ചി: ടൊവീനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രസഭ സംസ്ഥാന ചെയർപേഴ്സൺ സി.കെ. ജാനു രംഗത്തെത്തി. ആദിവാസി വിഭാഗം നടത്തിയ ചരിത്രപരമായ സമരങ്ങളെ ചിത്രം തെറ്റായ രീതിയിലാണ് അവതരിപ്പിച്ചതെന്നും, യഥാർത്ഥ ചരിത്രം വളച്ചൊടിക്കാൻ തന്റേടമില്ലാത്തവർ സിനിമയെടുക്കരുതെന്നും അവർ തുറന്നടിച്ചു.

മനോരമ ഹോർത്തൂസിൽ ‘ഭൂമിയുടെ അവകാശികൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചക്കിടെയായിരുന്നു ജാനുവിൻ്റെ പ്രതികരണം.

‘നരിവേട്ട’ വളരെ മോശമായ സിനിമയാണെന്ന് പറഞ്ഞ ജാനു, മുത്തങ്ങ സമരം ഉൾപ്പെടെയുള്ള യാഥാർത്ഥ സംഭവങ്ങൾ തങ്ങളുടെ താത്പര്യങ്ങൾക്കനുരിച്ച് മാറ്റിയെഴുതുകയാണ് സിനിമയിൽ ചെയ്തിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. “പോലീസിനെയും സർക്കാരിനെയും സംരക്ഷിക്കാനുള്ള വഴിയാണ് സിനിമയിലൂടെ തേടുന്നത്. ഇതിന് ഞങ്ങൾ കോടതിയിൽ അടക്കം പോകാൻ ശ്രമിച്ചതാണ്. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾക്ക് മാറ്റം വരുത്തിയതിന് സമരത്തിൽ പങ്കെടുത്ത ഒരാൾക്കും ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല,” അവർ വ്യക്തമാക്കി.

കാശുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴും ആദിവാസികളുടെ ചരിത്രവും ജീവിതവും ഉപയോഗിക്കുകയാണ് സിനിമാക്കാർ ചെയ്യുന്നതെന്നും, ഇതൊരു മാടമ്പി മനോഭാവമാണെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു. ആദിവാസികളല്ലാത്ത മറ്റ് ഏതെങ്കിലും വിഭാഗത്തിൻ്റെ സമരത്തെക്കുറിച്ച് ഈ രീതിയിൽ സിനിമ എടുക്കുമോ എന്നും അവർ ചോദ്യമുയർത്തി.

ആദിവാസി ദലിത് അവകാശങ്ങൾക്കായി പോരാടുന്ന ബിന്ദു വൈലശ്ശേരി, എം. ഗീതാനന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ എം.കെ. രാംദാസായിരുന്നു ചർച്ചയുടെ മോഡറേറ്റർ.