കടം ചോദിച്ചു; സിനിമകളിൽനിന്ന് ഒഴിവാക്കി: ഹരീഷ് കണാരൻ്റെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ

കൊച്ചി: പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയ്‌ക്കെതിരെ നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. കടം നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ ‘അജയൻ്റെ രണ്ടാം മോഷണം’ ഉൾപ്പെടെയുള്ള സിനിമകളിൽനിന്ന് ബാദുഷ തന്നെ ഒഴിവാക്കാൻ ശ്രമിച്ചു എന്നായിരുന്നു ഹരീഷ് കണാരൻ്റെ വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് ജോൺ ഡിറ്റോ തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ, സിനിമാ മേഖലയിലെ ഇത്തരം സാമ്പത്തിക ഇടപാടുകൾ സാധാരണമാണെന്നും എന്നാൽ അത് പരസ്യമായി വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

സംവിധായകൻ്റെ പ്രതികരണം ഇങ്ങനെ:

പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയുടെ വലിയ സാമ്പത്തിക ചെലവുകൾ പരിഹരിക്കുന്നതിനായി ഇൻഡസ്ട്രിയിൽ നിന്ന് പണം കടം വാങ്ങുന്നത് സ്വാഭാവികമാണ്. പറഞ്ഞ സമയത്ത് അത് തിരികെ നൽകാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഈ സാമ്പത്തിക പ്രശ്നം വ്യക്തിഹത്യ നടത്താനുള്ള കാരണമായി ഉപയോഗിക്കരുത്. നടൻ ധർമ്മജൻ ബോൾഗാട്ടിക്കും സമാനമായ പ്രശ്നം ബാദുഷയുമായി ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് പരസ്യമാക്കിയില്ല എന്ന വസ്തുത ഡിറ്റോ ഓർമ്മിപ്പിച്ചു.

കൂടാതെ, ‘അജയൻ്റെ രണ്ടാം മോഷണം’ (എ.ആർ.എം.) പോലുള്ള സിനിമകളിൽ നിന്ന് ബാദുഷ ഒഴിവാക്കാൻ ശ്രമിച്ചു എന്ന ഹരീഷിൻ്റെ ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു സിനിമയിൽ മുതിർന്ന താരത്തെ കാസ്റ്റ് ചെയ്യുന്നത് സംവിധായകൻ നേരിട്ടെടുക്കുന്ന തീരുമാനമാണ്. കംഫർട്ട് പ്രശ്നങ്ങളാൽ ഒഴിവാക്കി എന്നതിൽ തെറ്റില്ലെന്നും, സിനിമ പുറത്തിറങ്ങിയ ശേഷം തന്നെ ഒഴിവാക്കി എന്ന് പറയുന്നത് ഒരുതരം നാടകീയതയാണെന്നും ഡിറ്റോ വിമർശിച്ചു.

ബാദുഷ തട്ടിപ്പുകാരനല്ല, മറിച്ച് സാമ്പത്തിക ആസൂത്രണത്തിലെ കുറവ് സംഭവിച്ചയാളാണ്. 20 ലക്ഷം രൂപ ബാദുഷ ഉടൻ തിരികെ നൽകും. എന്നാൽ ഈ ആരോപണങ്ങളിലൂടെ ഹരീഷ് കണാരൻ വരുത്തിയ ഡാമേജ് മാറ്റാൻ കഴിയില്ല. താരങ്ങളുടെ ഡേറ്റിനും വിലയ്ക്കും വേണ്ടി പ്രൊഡക്ഷൻ കൺട്രോളർമാർ താരങ്ങൾക്ക് അമിത പ്രാധാന്യം നൽകിയത് മലയാള സിനിമയിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയ്ക്ക് കാരണമായെന്നും ജോൺ ഡിറ്റോ കുറ്റപ്പെടുത്തി.

സിനിമാ രംഗത്ത് സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ സിനിമാ സംഘടനകൾ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.