വെള്ളിത്തിരയിൽ തിളങ്ങിയ ‘ബേബി അഞ്ജു’; ജീവിതം സിനിമയെ വെല്ലുന്ന കഥ

ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നായികാ-സഹനടി നിരകളിൽ തിളങ്ങിയ താരമാണ് അഞ്ജു പ്രഭാകർ. ‘ബേബി അഞ്ജു’ എന്ന പേരിലാണ് മലയാളികൾ താരത്തെ ആദ്യം നെഞ്ചിലേറ്റിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ പരമ്പരകളിലൂടെ അഞ്ജു അഭിനയരംഗത്ത് വീണ്ടും സജീവമാവുകയാണ്. അഭിനയ ജീവിതത്തിൽ തിളങ്ങിയെങ്കിലും, സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു നടിയുടെ സ്വകാര്യ ജീവിതം.

‘കാറ്റത്തെ കിളിക്കൂട്’, ‘രുഗ്മിണി’, ‘കാട്ടുകുതിര’, ‘നീലഗിരി’, ‘ഊട്ടിപ്പട്ടണം’, ‘ധ്രുവം’, ‘തഴ്‍വാരം’, ‘കൗരവർ’ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഞ്ജു അഭിനയിച്ചു. മലയാളത്തിലെ മഹാനടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മകളായും സഹോദരിയായും പിന്നീട് ഭാര്യയായും വരെ വേഷമിടാൻ താരത്തിന് അവസരം ലഭിച്ചു. 1993-ൽ പുറത്തിറങ്ങിയ ‘വിജയദശമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

17-ാം വയസ്സിലെ വിവാഹം, ദുരിതകാലം
ഒരു അഭിമുഖത്തിൽ, 17-ാം വയസ്സിൽ താൻ എടുത്ത ഒരു തീരുമാനം ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് അഞ്ജു തുറന്നുപറഞ്ഞിരുന്നു. കന്നഡ ചിത്രം ചെയ്യാൻ ബാംഗ്ലൂരിലെത്തിയപ്പോഴാണ് താരം നടൻ ടൈഗർ പ്രഭാകറെ പരിചയപ്പെടുന്നത്. തുടർന്ന് പ്രഭാകർ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. അന്ന് തനിക്ക് 17 വയസ്സും പ്രഭാകറിന് 48 വയസ്സുമായിരുന്നു പ്രായം. മൂന്ന് വിവാഹം കഴിച്ചതും ഭാര്യയും കുട്ടികളുമുണ്ടായിരുന്നതും മറച്ചുവെച്ചാണ് പ്രഭാകർ വിവാഹത്തിന് നിർബന്ധിച്ചത്.

വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ പ്രഭാകറിനൊപ്പം പോയെങ്കിലും, താമസിയാതെ ചതിക്കപ്പെട്ട വിവരം അഞ്ജു അറിഞ്ഞു. അപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും, ഒന്നര വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ മൂന്ന് മാസം മാത്രം പ്രായമുള്ള മകനുമായി ആ ബന്ധമുപേക്ഷിച്ച് താരം ഇറങ്ങിപ്പോരുകയായിരുന്നു.

തുടർന്ന് വിഷാദാവസ്ഥയിലായെങ്കിലും മകനുവേണ്ടി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അഞ്ജു. മകൻ അർജുൻ ഇന്ന് ഡേറ്റാ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. മകനുവേണ്ടിയാണ് താൻ രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകാതിരുന്നതെന്നും, ഇപ്പോൾ സീരിയലുകളിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായതിൽ സന്തോഷമുണ്ടെന്നും അഞ്ജു പറയുന്നു.

മമ്മൂട്ടി മാപ്പ് പറഞ്ഞ സംഭവം
തൻ്റെ കരിയറിലെ ഒരു സംഭവവും അഞ്ജു ഓർത്തെടുക്കുന്നു. ഒരു സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഞ്ജുവിനെ തീരുമാനിച്ചപ്പോൾ, കുട്ടിക്കാലം മനസ്സിലുണ്ടായിരുന്ന മമ്മൂട്ടി എതിർപ്പ് പ്രകടിപ്പിച്ചു. ആ റോളിലേക്ക് മധുബാല എത്തുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂട്ടി അഞ്ജുവിനോട് മാപ്പ് പറയുകയും പിന്നീട് നായികയായി അവസരം നൽകുകയും ചെയ്തു. ഇതെല്ലാം തൻ്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണെന്നും അഞ്ജു വെളിപ്പെടുത്തി.