
പത്തനംതിട്ട: കേസ് വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് (എഎസ്ഐ) സസ്പെൻഷൻ. എഎസ്ഐ ബിനു കുമാറിനെയാണ് സംഭവത്തെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പ്രതികൾക്ക് ലഭിക്കാൻ സഹായിക്കുന്ന രീതിയിൽ ചോർത്തി നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ലഭിച്ചതിനെ തുടർന്ന് ഡിഐജി അജിതാ ബീഗമാണ് എഎസ്ഐക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.
ബെംഗളൂരുവിൽ നിന്ന് പിടികൂടിയ ബാർ അടിപിടി കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ കോടതിയിൽ എത്തിക്കുമ്പോൾ സമർപ്പിക്കുന്ന റിമാൻഡ് റിപ്പോർട്ടിന്റെ രണ്ട് പകർപ്പുകളിൽ ഒന്ന് കോടതി നടപടികൾക്ക് മുൻപ് തന്നെ കാണാതാവുകയായിരുന്നു. സാധാരണയായി കോടതി നടപടികൾക്ക് ശേഷമാണ് റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പ്രതിയുടെ അഭിഭാഷകന് കൈമാറുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, കോടതി നടപടികൾക്ക് മുൻപേ റിമാൻഡ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് എഎസ്ഐ ബിനു കുമാർ പ്രതികളുടെ അഭിഭാഷകന് കൈമാറിയതായി തെളിഞ്ഞത്. അഭിഭാഷകനിൽ നിന്ന് പണം കൈപ്പറ്റിയാണ് എഎസ്ഐ ഈ വിവരം ചോർത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു ഈ നീക്കം.
തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെ സംഭവത്തെ തുടർന്ന് ആദ്യം എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ സസ്പെൻഷനിലാണ്. കൂടുതൽ നടപടിക്കായി സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോന്നി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.











