
കൊച്ചി: അഭിമുഖത്തിനിടെ നടൻ വിനായകൻ ലഹരി ഉപയോഗത്തെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനകൾ ചലച്ചിത്ര ലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തി. താൻ കടുത്ത ഏകാന്തതയും നിരാശയും അനുഭവിക്കുന്നതിനാൽ മദ്യപാനം ഒരു ശീലമാക്കിയെന്നും, സമൂഹത്തോടുള്ള ബഹുമാനം കാരണം പുറത്തിറങ്ങാതെ വീട്ടിൽ ഒതുങ്ങിക്കൂടുകയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ജീവിതത്തെ ഒരു യുദ്ധമായി താരതമ്യം ചെയ്ത വിനായകൻ, “മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്നവർ ഡ്രഗ് അടിച്ചിട്ടാണ് പോകുന്നത്. ഞാനൊരു മുൻനിര പോരാളിയാണ്, എനിക്ക് എന്തും ചെയ്യാം, എന്തും ഉപയോഗിക്കാം, കാരണം ഞാൻ മരിക്കാൻ തയ്യാറായവനാണ്,” എന്ന് വാദിച്ചു.
‘ഒരു പെൺകുട്ടിയുമായി ജീവിക്കാൻ ആഗ്രഹമുണ്ട്, തിയേറ്ററിൽ പോയി സിനിമ കാണാൻ ആഗ്രഹമുണ്ട്, ഇതൊന്നും നടക്കാത്തത് എന്റെ കുഴപ്പമാണ്’ എന്നും അദ്ദേഹം പറഞ്ഞു. തന്നെ നിയന്ത്രിക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നും “സർക്കാർ വരെ എന്നെ തുറന്നു വിട്ടിരിക്കുകയാണ്” എന്നും വിനായകൻ അഭിപ്രായപ്പെട്ടു.
താൻ ചെയ്യുന്ന പല കാര്യങ്ങളും തെറ്റാണെന്ന് അറിയാമെങ്കിലും പറയാനുള്ള സത്യം ചിലയിടങ്ങളിൽ എത്തിക്കണം എന്ന നിർബന്ധം ഉണ്ടെന്നും താരം വ്യക്തമാക്കി. സിനിമ തന്റെ കുടുംബമാണെന്നും, ആ കുടുംബം തന്നെ സ്നേഹത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. വിനായകന്റെ ഈ വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.











