
കൊച്ചി: യുവതാരംമാരെ അണിനിരത്തി കമൽ സംവിധാനം ചെയ്ത്, 2007-ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രം ‘ഗോളി’ലെ നായിക ആക്ഷാ പർദസാനി മലയാളികളോട് തനിക്കുള്ള സ്നേഹവും കടപ്പാടും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ശ്രദ്ധേയമായി. സിനിമ പുറത്തിറങ്ങി 18 വർഷങ്ങൾക്കിപ്പുറവും മലയാളികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് നടി വൈകാരികമായ കുറിപ്പിലൂടെ നന്ദി അറിയിച്ചു.
ചിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ “എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ…” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് ആക്ഷാ തന്റെ കുറിപ്പ് ആരംഭിച്ചത്.
ആക്ഷായുടെ വാക്കുകളിൽ നിന്ന്:
“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ‘ഗോൾ’ എന്ന സിനിമയ്ക്കും ഈ പാട്ടിനും നിങ്ങൾ നൽകുന്ന സ്നേഹത്തിന് ഞാൻ ഹൃദയം കൊണ്ട് നന്ദി പറയുന്നു. 18 വർഷങ്ങൾക്കു ശേഷവും ഈ ഗാനം ട്രെൻഡിംഗായി നിലനിർത്തുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ കലയെ എങ്ങനെ സജീവമായി നിലനിർത്താമെന്നും അത് ഹൃദയത്തോട് ചേർത്ത് നിർത്താമെന്നും കേരളത്തിലെ പ്രേക്ഷകർക്ക് നന്നായി അറിയാം.”
മലയാള സിനിമയിൽ തന്റെ ആദ്യ അവസരമായിരുന്ന ‘ഗോൾ’ നൽകിയ എല്ലാ പിന്തുണയ്ക്കും തുടർന്ന് ലഭിച്ച മറ്റ് അവസരങ്ങൾക്കും നന്ദിയുണ്ടെന്നും 34-കാരിയായ താരം കുറിച്ചു. “എൻ്റെ കേരളത്തിലെ പ്രിയപ്പെട്ടവരേ, ഇത് നിങ്ങൾക്കുവേണ്ടിയാണ്,” എന്ന് പറഞ്ഞുകൊണ്ടാണ് ആക്ഷാ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാർഥിനിയായിരിക്കുമ്പോളാണ് ആക്ഷാ പർദസാനി കമൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വിദ്യാസാഗർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ അന്ന് വലിയ തരംഗമായിരുന്നു. ‘ഗോളി’ന് ശേഷം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വെബ്സീരീസുകളിലുമായി നടി സജീവമാണ്.
മലയാളികളുടെ ഈ സ്നേഹവും ‘കരുതലും’ ആക്ഷാ എന്ന കലാകാരിക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല.











