
കാലം എത്ര കടന്നുപോയാലും പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കുന്ന സിനിമകളുണ്ട്. ആ കൂട്ടത്തിലെ മുൻനിര ചിത്രമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘പടയപ്പ’. ചിത്രത്തിലെ കഥാപാത്രങ്ങളും തീപ്പൊരി ഡയലോഗുകളും ഇന്നും ആരാധകർക്ക് മനഃപാഠമാണ്. ടിവിയിൽ വരുമ്പോൾ ഒരു പുതിയ സിനിമയുടെ ആവേശത്തോടെ വീണ്ടും വീണ്ടും കാണുന്ന ഈ ബ്ലോക്ബസ്റ്റർ ചിത്രം പുത്തൻ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഈ വിവരം പുറത്തുവിട്ടത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഡിസംബർ 12-ന് ‘പടയപ്പ’ റീ-റിലീസ് ചെയ്യും. ഇത് ആഗോളതലത്തിലുള്ള റീ-റിലീസാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതിന് മുൻപ് 2017-ലും തിരഞ്ഞെടുത്ത തിയറ്ററുകളിൽ ചിത്രം റീ-റിലീസ് ചെയ്തിരുന്നു.
1999-ൽ കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷൻ, ഇമോഷൻ, മാസ് രംഗങ്ങൾ എന്നിവയുടെ മികച്ച സമന്വയമായിരുന്നു. രജനികാന്തിന്റെ ‘പടയപ്പ’ എന്ന നായക കഥാപാത്രവും രമ്യാ കൃഷ്ണൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ ‘നിലാംബരി’യും തമ്മിലുള്ള കോമ്പിനേഷൻ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. രജനിസത്തിന്റെ ഉന്നതി അടയാളപ്പെടുത്തിയ ഈ ചിത്രം 26 വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. രജനികാന്ത്, രമ്യാ കൃഷ്ണൻ എന്നിവരെ കൂടാതെ ശിവാജി ഗണേശൻ, സൗന്ദര്യ, നാസർ, ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
‘പടയപ്പ’യുടെ ബോക്സ് ഓഫീസ് കണക്കുകളും ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത സമയത്ത് ഏകദേശം ₹50 കോടി രൂപയാണ് നേടിയിരുന്നത്. ഇന്നത്തെ മൂല്യം അനുസരിച്ച് ഇത് ₹100 കോടിയിലധികം വരുമെന്നാണ് വിലയിരുത്തൽ. എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ഈ ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.











