
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയൽ സൈറ്റുകൾ ഉപയോഗിക്കുന്നവർ വഞ്ചിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന സംഭവമാണിത്. പ്രണയത്തിൻ്റെ മധുരവാക്കുകളിൽ കുടുങ്ങി സൈബർ തട്ടിപ്പുകാരിയുടെ കെണിയിൽ അകപ്പെട്ട പി.എച്ച്.ഡി. വിദ്യാർത്ഥിയായ യുവാവിന് രണ്ടാഴ്ചക്കകം നഷ്ടമായത് 49 ലക്ഷം രൂപയാണ്.
വൈശാലി സ്വദേശിയായ അഭിഷേക് ചൗധരി എന്ന 42-കാരനാണ് തട്ടിപ്പിന് ഇരയായതെന്ന് പോലീസ് അറിയിച്ചു.
ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് അഭിഷേക് ഒരു യുവതിയെ പരിചയപ്പെട്ടത്. സംഭാഷണങ്ങൾക്കിടെ, യുവതി തൻ്റെ കുടുംബത്തിന് ജലന്ധറിലും ദില്ലി-എൻ.സി.ആറിലുമായി റിയൽ എസ്റ്റേറ്റ് ബിസിനസുകളുണ്ടെന്ന് പറഞ്ഞ് വിശ്വാസം നേടി.
സംഭാഷണം പുരോഗമിക്കവേ, യുവതി അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് ആകർഷിക്കുകയും വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ യുവതി നിരവധി ലിങ്കുകൾ അയച്ചു നൽകി.
500 ഡോളറിൽ നിക്ഷേപം തുടങ്ങാനാണ് യുവതി ആവശ്യപ്പെട്ടത്. നേരിട്ട് ഡോളറിൽ പണമടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, യുവതിയുടെ നിർദ്ദേശപ്രകാരം തട്ടിപ്പുകാർ ടെലിഗ്രാം വഴി ഒരു അക്കൗണ്ട് നൽകി. ഈ അക്കൗണ്ട് ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റുമെന്ന് അവർ യുവാവിനെ വിശ്വസിപ്പിച്ചു.
ആദ്യം ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത അഭിഷേക്, കൂടുതൽ ലാഭം പ്രതീക്ഷിച്ച് പിന്നീട് വലിയ തുകകൾ കൈമാറി. ഒക്ടോബർ 8-ന് 10 ലക്ഷം രൂപയും, ഒക്ടോബർ 15-ന് രണ്ട് ഗഡുക്കളായി 15 ലക്ഷം രൂപയും, ഒക്ടോബർ 16-ന് 13 ലക്ഷം രൂപയും, നവംബർ 2-ന് 10 ലക്ഷം രൂപയും ഉൾപ്പെടെ, ഏകദേശം 49 ലക്ഷം രൂപയാണ് യുവതി പറഞ്ഞ അക്കൗണ്ടുകളിലേക്ക് അഭിഷേക് അയച്ചത്.
പ്രണയബന്ധം സ്ഥാപിച്ച ശേഷം ഫോറെക്സ് ട്രേഡിംഗിലേക്ക് ക്ഷണിച്ചുള്ള ഈ രീതിയിലുള്ള തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഓൺലൈൻ പരിചയക്കാരോട് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു.











