
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ മലയാളത്തിലെ ഏറ്റവും വലിയ മാസ്-വയലൻസ് ചിത്രം ‘മാർക്കോ’യ്ക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത വർധിക്കുന്നു. അടുത്തിടെ ഗൂഗിളിന്റെ ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം ബോളിവുഡ് ചിത്രം ‘സയ്യാര’യ്ക്കാണ്. എന്നാൽ, ആറാം സ്ഥാനത്ത് ‘മാർക്കോ’യും ഉണ്ട് എന്നത് മലയാള സിനിമയ്ക്ക് അഭിമാനകരമാണ്. ‘കാന്താര’ (രണ്ടാം സ്ഥാനം), ‘കൂലി’ (മൂന്നാം സ്ഥാനം), ‘വാർ 2’, ‘സോനം തേരി കസം’ എന്നീ ചിത്രങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് ചിത്രങ്ങൾ. ‘ഹൗസ്‌ഫുൾ 5’, ‘ഗെയിം ചേഞ്ചർ’, ‘മിസിസ്’, ‘മഹാവതാർ നരസിംഹ’ എന്നിവയും ലിസ്റ്റിലെ മറ്റ് സിനിമകളാണ്.
തിയേറ്ററുകളിൽ 100 ദിവസത്തിലധികം വിജയകരമായി പ്രദർശിപ്പിച്ച ചിത്രം നേരത്തെതന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ശേഷമാണ് ചിത്രം ഒടിടിയിലെത്തിയത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും ‘മാർക്കോ’ തരംഗമായി മാറി.
കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിംഫെസ്റ്റിവലിൽ (ബിഫാൻ) ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രീമിയർ നടന്നത് ‘മാർക്കോ’യുടെ ആഗോള സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. കൂടാതെ, ചിത്രത്തിന്റെ നിർമ്മാതാവായ ഷരീഫ് മുഹമ്മദിന് (ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്) സൈമ അവാർഡ്സിൽ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. മലയാള സിനിമയ്ക്ക് ലോകസിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ചിത്രമാണ് ആദ്യ നിർമ്മാണ സംരംഭത്തിലൂടെ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്‌സ് സമ്മാനിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്‌സ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിച്ചതും.
ബോളിവുഡ് ചിത്രങ്ങളായ ‘അനിമൽ’, ‘കിൽ’ എന്നിവയ്ക്ക് സമാനമായി സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം വയലൻസ് രംഗങ്ങളുടെ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും വലിയ സ്വീകാര്യത നേടാൻ ‘മാർക്കോ’യ്ക്ക് സാധിച്ചു.
പരുക്കൻ ഗെറ്റപ്പിലുള്ള ഉണ്ണി മുകുന്ദന്റെ ഗ്യാങ്സ്റ്റർ ലുക്കാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഉണ്ണി മുകുന്ദനും ജഗദീഷും തമ്മിലുള്ള അഭിനയമുഹൂർത്തങ്ങൾ ഏറെ ശ്രദ്ധ നേടി. പ്രമുഖ ആക്ഷൻ ഡയറക്ടറായ കലൈ കിംഗ്സ്റ്റൺ ഒരുക്കിയ അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്.
ഉണ്ണി മുകുന്ദൻ, ജഗദീഷ് എന്നിവർക്ക് പുറമെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലോകോത്തര നിലവാരത്തിലാണ് സംവിധായകൻ ഹനീഫ് അദേനിയും നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ചേർന്ന് ചിത്രം ഒരുക്കിയത്.
സാങ്കേതിക വിദഗ്ധർ: ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ.











