
ചെന്നൈ: താനും മക്കളും സൈബർ ഇടങ്ങളിൽ നേരിടുന്ന രൂക്ഷമായ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ഗായിക ചിന്മയി ശ്രീപദ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതടക്കമുള്ള അതിക്രമങ്ങളെക്കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. തന്റെ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ലെന്നും, അവരെ കൊല്ലുമെന്നുവരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്നും ചിന്മയി പറഞ്ഞു.
ഗായികയുടെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ രാഹുൽ രവീന്ദ്രൻ താലി (മംഗൾസൂത്ര) ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ഒരു പരാമർശത്തിന് പിന്നാലെയാണ് നിലവിൽ ഓൺലൈൻ ആക്രമണം ശക്തമായതെന്നും ചിന്മയി ചൂണ്ടിക്കാട്ടി.
“അവർക്ക് ഇഷ്ടമില്ലാത്ത, എന്നെപ്പോലുള്ള സ്ത്രീകൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകരുത് എന്നാണ് ആൺകൂട്ടങ്ങൾ പറയുന്നത്. എങ്ങാനും കുട്ടികൾ ഉണ്ടായാൽ ആ കുട്ടികൾ മരിക്കണം എന്ന് ചിലർ ട്വിറ്ററിൽ കുറിച്ചു. ഇത് കണ്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന മറ്റുചിലരുമുണ്ട്. ചില പോസ്റ്റുകൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്,” ചിന്മയി വ്യക്തമാക്കി.
ഇന്ന് കണ്ട ഒരു പോസ്റ്റിൽ തന്റെ ചിത്രം മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിക്കുന്നതാണ് കണ്ടതെന്ന് ചിന്മയി പറയുന്നു. സ്ത്രീകൾ സൈബറിടങ്ങളിൽ എന്താണ് നേരിടേണ്ടിവരുന്നത് എന്ന് തുറന്നുകാട്ടാനാണ് താൻ ഈ വിവരങ്ങൾ പങ്കുവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പുരുഷന്മാർ പ്രവർത്തിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുകയാണ് പുരുഷന്മാർ. മുൻപ് വേശ്യകൾ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് മോർഫിംഗിലേക്ക് മാറിയെന്നും ചിന്മയി വിമർശിച്ചു.











