K.J യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ; ഗാനഗന്ധർവന് ആശംസകൾ

ഗായകൻ കെ.ജെ യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ. കഴിഞ്ഞ 60 വർഷത്തിലേറെയായി മലയാളിയുടെ മനസിലിടം പിടിച്ച ഗന്ധർവ ഗായകന് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത ലോകവും ആരാധകരും. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു.

1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. പിന്നീട് പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന ശബ്ദസ്വാധീനം കൊണ്ട് ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. സംഗീത പ്രേമികൾക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങിയ വികാരങ്ങളുടെ ഒക്കെ പ്രതിഫലനം കൂടിയാണ് അദ്ദേഹത്തിന്റെ ശബ്ദം. ഒപ്പം ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു.

മറ്റൊരു മേഖലയിലും ആ‍ർക്കും അവകാശപ്പെടാന്‍ കഴിയാത്ത അപ്രമാധിത്യം. യേശുദാസ് ശബ്ദം തൊട്ട് തൊടാത്ത മനുഷ്യരില്ല, ഭാഷയില്ല. തലമുറകള്‍ മാറി വന്ന സംഗീതസംവിധായകർക്ക് അത്രമേല്‍ പ്രിയപ്പെട്ട ശബ്ദം. ദേവരാജന്‍ മാഷിനൊപ്പം 650ലേറെ ഗാനങ്ങള്‍, രവീന്ദ്രനൊപ്പം 339 ഗാനങ്ങള്‍, വയലാറിന്റെ 445 പാട്ടുകള്‍ക്കും ശ്രീകുമാരന്‍ തമ്പിയുടെ 500 ലേറെ പാട്ടുകള്‍ക്കും നാദമായി.

45,000 ലേറെ സിനിമാ പാട്ടുകള്‍. എട്ട് തവണ ദേശീയ പുരസ്‍കാരം. കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ. മറ്റുസംസ്ഥാനങ്ങള്‍ നല്‍കിയ ആദരങ്ങള്‍ ഇതിനുപുറമേ. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 77ല്‍ പത്മശ്രീ, 2002ല്‍ പദ്‍മഭൂഷണ്‍, 2017ല്‍ പദ്‍മവിഭൂഷണ്‍. മനസ് കൊണ്ട് സംഗീതലോകം എന്നേ സമ്മാനിച്ച് കഴിഞ്ഞൂ ഭാരതരത്നം.