തെരുവ് നായ വിവാദം; പുരുഷന്മാരെയും ജയിലിൽ അടയ്ക്കണോ?, നടി ദിവ്യ സ്പന്ദന

പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾ വിഹരിക്കുന്നതിനെതിരേ സുപ്രീംകോടതി നടത്തിയ പരാമർശത്തിൽ പരോക്ഷവിമർശനവുമായി മുൻ ലോക്‌സഭാ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ എന്നറിയപ്പെടുന്ന നടി ദിവ്യ സ്പന്ദന. നായ്ക്കളുടെ മാത്രമല്ല പുരുഷന്മാരുടെ മനസും വായിക്കാൻ കഴിയില്ലെന്നും അവരെയെല്ലാം ജയിലിൽ അടയ്ക്കണോ എന്നുമായിരുന്നു നടിയുടെ ചോദ്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം.

തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, പൊതുയിടങ്ങളിൽനിന്ന് അവയെ നീക്കണം ചെയ്യണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. രാവിലെ നായകൾ ഏത് മൂഡിലാണെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജാരിയ എന്നിവർ അഭിപ്രായപ്പെട്ടു. ഇത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. പുരുഷന്മാരുടെ മനസും വായിക്കാൻ കഴിയില്ല. അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്നോ കൊലപാതകം നടത്തുകയെന്നോ അറിയാൻ കഴിയില്ല. അതിനാൽ എല്ലാ പുരുഷന്മാരേയും ജയിലിൽ അടയ്ക്കണോ’, എന്നായിരുന്നു നടിയുടെ ചോദ്യം.

പൊതുജനങ്ങൾക്ക്‌ വലിയ ഭീഷണിയായി മാറിയിരിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്‌ തെരുവ്‌ നായകളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവ്‌ നായകളുടെ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടംപിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവും പകലുമില്ലാതെ നായകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും വിഹരിക്കുന്നു. റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്റ്റാൻഡ്‌, റോഡുകൾ, ഇടവഴികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ എല്ലായിടവും നായകൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി അപകടമുണ്ടാക്കുന്നു.

പേവിഷബാധയ്ക്ക് സാധ്യതയുള്ള ജീവികളുടെ കടിയേറ്റാൽ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിനുള്ള സംവിധാനം സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകളിൽ വരെ ഈയൊരു സേവനം ലഭ്യമാണ്. പൊതുജനങ്ങൾക്ക്‌ ഭീഷണിയായി മാറിയ തെരുവ്‌ നായകളെ നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായ ഇടപെടലുകളാണ്‌ ഇപ്പോൾ .സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. തെരുവ്‌ നായ പ്രശ്‌നത്തിൽ നിലവിലുള്ള കേന്ദ്ര ചട്ടങ്ങൾക്ക്‌ വിധേയമായി മാത്രമേ തീരുമാനങ്ങൾ എടുക്കാനാകൂ.