പുതുമുഖങ്ങൾക്ക് കരുത്തായി മമ്മൂട്ടി; അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ റഷീദ് പാറക്കൽ

സിനിമയിലെ വലിയ നേട്ടങ്ങൾക്കിടയിലും ചെറിയ ചിത്രങ്ങളെയും പുതുമുഖങ്ങളെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ റഷീദ് പാറക്കൽ. ‘കുട്ടന്റെ ഷിനിഗാമി’ എന്ന തന്റെ ചിത്രം കണ്ട ശേഷം മമ്മൂട്ടി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതും ലൊക്കേഷനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുമാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. പത്മഭൂഷൺ അംഗീകാരം മമ്മൂട്ടിയെ തേടിയെത്തിയ ഈ വേളയിൽ, ഇത്തരം എളിയ പ്രവൃത്തികളാണ് അദ്ദേഹത്തെ വലിയ മനുഷ്യനാക്കുന്നതെന്ന് റഷീദ് കുറിച്ചു.

സിനിമ കണ്ട മമ്മൂട്ടി നടന്മാരായ ജാഫർ ഇടുക്കിയെയും ഇന്ദ്രൻസിനെയും വിളിച്ച് ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതായും സംവിധായകൻ ആരാണെന്ന് അന്വേഷിച്ചതായും റഷീദ് പറയുന്നു. പിന്നീട് മറ്റൊരു സിനിമയുടെ ആവശ്യത്തിനായി എറണാകുളത്ത് എത്തിയപ്പോഴാണ് ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് അദ്ദേഹം മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. താൻ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചും അതിലെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടി കൃത്യമായി ഓർത്തെടുത്ത് സംസാരിച്ചത് തന്നെ അതിശയിപ്പിച്ചുവെന്ന് റഷീദ് ഓർക്കുന്നു.

“സിനിമ നന്നായിട്ടുണ്ട്, പക്ഷേ അതിന്റെ പേരാണ് എനിക്ക് അത്ര ഇഷ്ടപ്പെടാതെ പോയത്” എന്ന് മമ്മൂട്ടി തമാശരൂപേണ നേരിട്ട് അഭിപ്രായം പറഞ്ഞു. കൂടാതെ തന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവ സംവിധായകൻ ഷാഫി എപ്പിക്കാടിന്റെ ‘ചെക്കൻ’ എന്ന സിനിമയെക്കുറിച്ചും അതിലെ ഗാനങ്ങളെക്കുറിച്ചും മമ്മൂട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഇത്രയും തിരക്കുകൾക്കിടയിലും പുതിയ സിനിമകളെയും അണിയറ പ്രവർത്തകരെയും ഇത്രമേൽ കൃത്യമായി ശ്രദ്ധിക്കുന്ന മമ്മൂട്ടിയുടെ രീതി ഏവരെയും വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ സ്വകാര്യ നമ്പർ നൽകി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ ലാളിത്യമാണ് തന്നെ ഏറെ സ്പർശിച്ചതെന്ന് റഷീദ് പാറക്കൽ പറയുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഇത്രയും കാലം ഈ കാര്യം ആരോടും പറയാതിരുന്നതെന്നും, മമ്മൂട്ടിക്ക് രാജ്യത്തിന്റെ വലിയൊരു ആദരം ലഭിച്ച ഈ നിമിഷം ഇത് പങ്കുവെക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.