
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു.
ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്.
150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലൂടെയാണ് എസ് പി വെങ്കിടേഷ് മലയാളത്തിലെത്തുന്നത്. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി.
പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതം നൽകിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകൻ ‘ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സ്വതന്ത്ര മ്യൂസിക് ഡയറക്ടറായി മാറിയ വെങ്കിടേഷിന് എന്നാൽ തന്റെ പ്രതിഭ ശോഭിപ്പിച്ചത് പ്രിയദർശൻ ചിത്രമായ ‘കിലുക്കം ‘ ത്തിലൂടെ ആയിരുന്നു . ‘കിലുകിൽ പമ്പരം ‘ എന്ന ഹിറ്റ് പാട്ട് കാലാതീതമായി എല്ലാവരും കാതോർത്തു കേക്കുന്ന ഒന്നാണ് . കിലുക്കത്തിലെ എല്ലാ പാട്ടുകളും ഹിറ്റായതോടെ വെങ്കിടേഷിന്റെ കരിയർ തന്നെ മാറി .











