
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. സരിഗമ ഇന്ത്യ ലിമിറ്റഡിന് പകർപ്പവകാശമുള്ള ഗാനങ്ങളും ശബ്ദരേഖകളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും മറ്റു കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിൽ നിന്നും കോടതി ഇളയരാജയെ വിലക്കി. സരിഗമ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
1976-നും 2001-നും ഇടയിൽ വിവിധ ചലച്ചിത്ര നിർമ്മാതാക്കളുമായി ഉണ്ടാക്കിയ കരാറുകൾ പ്രകാരം തങ്ങൾക്കാണ് ഈ ഗാനങ്ങളുടെ പൂർണ്ണവും ശാശ്വതവുമായ അവകാശമെന്ന് സരിഗമ കോടതിയിൽ വാദിച്ചു. എന്നാൽ, ഇളയരാജ ഈ ഗാനങ്ങൾ തന്റെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടുകയും ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോ സാവൻ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. ഈ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദം കോടതി ശരിവെച്ചു.
പകർപ്പവകാശ നിയമപ്രകാരം (Copyright Act 1957), ഒരു സിനിമയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന്റെ ആദ്യ ഉടമസ്ഥാവകാശം അതിന്റെ നിർമ്മാതാവിനായിരിക്കും. ഈ നിർമ്മാതാക്കളിൽ നിന്ന് സരിഗമ നിയമപരമായി അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 134 സിനിമകളിലെ പാട്ടുകളെയാണ് ഈ കോടതി ഉത്തരവ് ബാധിക്കുക. ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ഇളയരാജയോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഏപ്രിൽ രണ്ടിന് വീണ്ടും പരിഗണിക്കും.











